KeralaNewsPolitics

സിൽവർ ലൈൻ പ്രതിഷേധം: സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം, പ്രകോപനം വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചങ്ങനാശ്ശേരിയിൽ സിൽവർ ലൈൻ പ്രതിഷേധനത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിയപ്പോയി. അതേസമയം പ്രതിപക്ഷം അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ധനാഭ്യർത്ഥന ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ചങ്ങനാശ്ശേരിയിൽ പ്രക്ഷോഭവും പൊലീസ് നടപടിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി തന്നെ ഉറപ്പുകൾക്ക് വിരുദ്ധമായി സർവേയുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കുകയാണെന്നും ഇതിൽ പ്രതിഷേധിച്ച് സഭയിൽ നിന്നിറങ്ങി പോകുകയാണെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു. 

എന്നാൽ പ്രതിപക്ഷം വാക്കൗട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ വിമ‍ർശനവുമായി മുഖ്യമന്ത്രി എഴുന്നേറ്റു. കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ സമാധാനപരമായാണ് നടക്കുന്നത്. ഇവിടെ ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങളും ഉയർന്നു വരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു സംഘർഷാവസ്ഥയുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. തെറ്റായ ഇടപെടലും പ്രകോപനം സൃഷ്ടിക്കലും പൊലീസിനേയും സർവ്വേയ്ക്ക് എത്തിയ തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും നടക്കുകയാണ്. ഈ പദ്ധതിക്കെതിരെ യുഡിഎഫിൽ തന്നെ പല അഭിപ്രായമുണ്ട്. അതിനെ മറികടക്കാൻ അക്രമങ്ങളിലൂടെ ഐക്യമുണ്ടാക്കാൻ ശ്രമിക്കരുത്. അക്രമം നടത്തി കാര്യങ്ങൾ അട്ടിമറിക്കാം എന്ന നിലയിലേക്ക് കോൺ​ഗ്രസ് എത്തിയിരിക്കുകയാണ് – പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമ‍ർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റേയും ഉമ്മൻ ചാണ്ടിയുടേയും നേതൃത്വത്തിൽ യുഡിഎഫ് എംഎൽഎമാ‍ർ നിയമസഭയുടെ പ്രവേശന കവാടത്തിലെത്തി. ഇവിടെ വച്ച് മാധ്യമങ്ങളെ കണ്ട വിഡി സതീശൻ പൊലീസ് നടപടിക്കെതിരെ അതിരൂക്ഷ വിമ‍ർശനമാണ് നടത്തിയത്. 

വിഡി സതീശൻ്റെ വാക്കുകൾ – 
ജനാധിപത്യപരമായി പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായി പൊലീസ് പെരുമാറി. സ്ത്രീകളോടും കുട്ടികളോടും വരെ പൊലീസ് അടിച്ചമ‍ർത്താൻ ശ്രമിച്ചു. കെ റെയിൽ സർവ്വേയുടെ പേരിലുള്ള പൊലീസ് അതിക്രമങ്ങളെ തുട‍ർന്ന് കഴിഞ്ഞ ദിവസം ഈ വിഷയം ഞങ്ങൾ സഭയിൽ ഈവിഷയം ഉന്നയിച്ചതാണ്. എന്നാൽ പൊലീസിൽ നിന്നും യാതൊരും പ്രകോപനമോ അക്രമമോ ഉണ്ടാവില്ല എന്ന ഉറപ്പാണ് മുഖ്യമന്ത്രി തന്നത്. അതിന് നേർ വിപീരതമായ കാര്യങ്ങളാണ് ഇന്ന് ചങ്ങനാശ്ശേരിയിലെ മാടപ്പള്ളിയിൽ കണ്ടത്. പൊലീസ് അതിക്രമം നേരിടുന്ന ഈ ജനവിഭാ​ഗങ്ങൾക്കൊപ്പം യുഡിഎഫ് ഉറച്ചു നിൽക്കും അവർക്ക് യുഡിഎഫ് സംരക്ഷണമൊരുക്കും 

ജനാധിപത്യരീതിയിൽ പൊലീസിനെ തടയുക അല്ലാതെ ഒരക്രമമവും പൊലീസിന് നേരെ പ്രതിപക്ഷം നടത്തിയിട്ടില്ല. കല്ലെറിയുകയോ അക്രമിക്കുകയോ ചെയ്തിട്ടില്ല. യുഡിഎഫ് നേതാക്കളായ ജോസഫ് എം പുതുശ്ശരിക്കും വി.ജെ.ലാലിക്കും പൊലീസ് അക്രമത്തിൽ പരിക്കേറ്റു. നിരവധി സ്ത്രീകളേയും കുട്ടികളേയും പുരുഷ പൊലീസുകാ‍ർ കൈയേറ്റം ചെയ്തു. വലിച്ചഴിച്ച് പൊലീസ് വണ്ടികളിലേക്ക് കേറ്റി. ഇതിനെതിരെയാണ് ‍ഞങ്ങളുടെ പ്രതിഷേധം. ശക്തമായ സമരത്തിലേക്ക് ഞങ്ങൾ പോകുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകിയില്ലെങ്കിൽ ‍ആ ഉത്തരവാദിത്തം ഞങ്ങളേറ്റെടുക്കും. അധികാരത്തിൻ്റേയും ധാ‍ർഷ്ട്യത്തിൻ്റേയും അന്ധതയാണ് മുഖ്യമന്ത്രിക്ക്. കേരളത്തിലെ എല്ലാ ​ഗ്രാമങ്ങളിലും പട്ടണങ്ങളിലും പദ്ധതിക്കെതിരെ പ്രക്ഷോഭം ഉണ്ടായിട്ടും മുഖ്യമന്ത്രി അതു കാണുന്നില്ല 

ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ – സിൽവ‍ർ ലൈൻ പദ്ധതിയുടെ കല്ലിടൽ മൂലം ജനം ദുരിതത്തിലാണ്. ഇന്നൊരാൾ എന്നെ വിളിച്ചു കരയുകയായിരുന്നു. അയാൾക്ക് വീടില്ല. വീട് വാങ്ങാനോ സ്ഥലം വാങ്ങാനോ പണമില്ല. ആരോ അയാളോട് കരുണ തോന്നി നാല് സെൻ്റ് സ്ഥലം നൽകി. ഇപ്പോൾ അവിടെ കൊണ്ടു പോയി കല്ലിട്ടിരിക്കുകയാണ്. ഒരിക്കലും നടക്കാത്ത ഒരു പദ്ധതിക്ക് വേണ്ടിയാണ് യുദ്ധക്കാലടിസ്ഥാനത്തിൽ ഇങ്ങനെ കല്ലിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker