അമൃത്സർ: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. സിദ്ദുവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയിൽ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ശനിയാഴ്ച മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച അമരീന്ദർ സിംഗ്, സിദ്ദു മുഖ്യമന്ത്രിയാകുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് വാർത്താ ഏജൻസി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് രാജ്യത്തിന്റെ നന്മയുടെ പേരിൽ താൻ എതിർക്കുമെന്ന് അമരീന്ദർ സിങ് പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവൻ ജെൻ ഖാമർ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദർ ആരോപിച്ചു.
‘നവജ്യോത് സിങ് സിദ്ദു ഒരു കഴിവില്ലാത്ത മനുഷ്യനാണ്. എന്റെ സർക്കാരിലെ ഒരു വലിയ ദുരന്തമായിരുന്നു അയാൾ. ഞാൻ അദ്ദേഹത്തിന് നൽകിയ ഒരു മന്ത്രാലയത്തിന്റെ ചുമതല പോലും നന്നായി കൈകാര്യം ചെയ്യാൻ അയാൾക്ക് കഴിഞ്ഞില്ല’, അമരീന്ദർ പറഞ്ഞു.
കോൺഗ്രസിൽ തുടരുമോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോൾ അതിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയില്ലെന്ന് അമരീന്ദർ പറഞ്ഞു. അപമാനിക്കപ്പെട്ടതിനാൽ രാജിവെക്കാൻ പോവുകയാണെന്ന് സോണിയാ ഗാന്ധിയോട് നേരിട്ട് ഫോണിൽ വിളിച്ച് പറഞ്ഞതായും ഇതിന് മറുപടിയായി ‘അമരീന്ദർ എന്നോട് ക്ഷമിക്കണം’ എന്നാണ് കോൺഗ്രസ് അധ്യക്ഷ പറഞ്ഞതെന്നും അമരീന്ദർ വെളിപ്പെടുത്തി.
അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയിലെ 50-ൽ അധികം എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചതായാണ് റിപ്പോർട്ട്. 117 അംഗ നിയമസഭയിൽ കോൺഗ്രസിന് 80 എംഎൽഎമാരാണുള്ളത്.