കനത്ത മഴ; നെയ്യാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. ഡാമിന്റെ നാലു ഷട്ടറുകളും ഒരടി വീതമാണ് ഉയര്‍ത്തിയത്. നിലവില്‍ 83.58 മീറ്റര്‍ ആണ് ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 84. 750 മീറ്റര്‍ ആണ്.
ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകളും തുറന്നു. രണ്ട് ഷട്ടറുകളാണ് തുറന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദേശിച്ചു.
പത്തനംതിട്ട മണിയാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തും. 50 സെന്റീമീറ്റര്‍ വീതമാകും ഷട്ടറുകള്‍ ഉയര്‍ത്തുക. പമ്പ- കക്കാട്ടാറുകളുടെ തീരത്തുല്‌ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.