HealthNews

കൊവിഡിനെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; രോഗ വ്യാപനത്തിന് മുമ്പേ വുഹാന്‍ ലാബിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടി

വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നു ചോര്‍ന്നതാണെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. യു.എസ് അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിന് മുമ്പേ 2019 നവംബറില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്. എത്ര ഗവേഷകരാണ് അസുഖബാധിതരായത്, അസുഖബാധിതരായ സമയം, ഇവരുടെ ആശുപത്രി സന്ദര്‍ശനം എന്നീ കാര്യങ്ങളെല്ലാം ഈ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനോട് അമേരിക്കന്‍ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ രോഗവ്യാപനത്തിന്റെ ആദ്യദിനങ്ങളെക്കുറിച്ച് ബൈഡന്‍ ഭരണകൂടത്തിന് നിരവധി സംശയങ്ങള്‍ ഉണ്ടെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അറിയിച്ചു.

കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുളള അന്വേഷണത്തിന്റെ അടുത്ത ഘട്ടം ചര്‍ച്ച ചെയ്യുന്നതിനായി ലോകാരോഗ്യസംഘടനയുടെ അടുത്ത യോഗം നടക്കാനിരിക്കുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് ദേശീയ സുരക്ഷാകൗണ്‍സില്‍ വക്താവ് പരാമര്‍ശമൊന്നും നടത്തിയില്ലെങ്കിലും കോവിഡ് 19 മഹാമാരിയുടെ ആദ്യദിവസങ്ങള്‍ സംബന്ധിച്ചും വൈറസിന്റെ ഉത്ഭവത്തെ കുറിച്ചും ബൈഡന്‍ ഭരണകൂടത്തിന് നിരവധി ചോദ്യങ്ങളുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ചുളള വിദഗ്ധരുടെ ഗവേഷണങ്ങളെ ലോകാരോഗ്യസംഘടനയ്ക്കും മറ്റുഅംഗരാജ്യങ്ങള്‍ക്കൊപ്പവും നിന്നുകൊണ്ട് യുഎസ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതായും അവര്‍ പറഞ്ഞു.

‘സാര്‍സ് കോവ് 2 ന്റെ ഉത്ഭവത്തെ കുറിച്ച് ലോകാരോഗ്യസംഘടന നടത്തുന്ന പഠനങ്ങളെ മുന്‍വിധിയോടെ സമീപിക്കുന്ന പ്രഖ്യാപനങ്ങളൊന്നും നടത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര വിദഗ്ധര്‍ വിശ്വനീയമായ സിദ്ധാന്തങ്ങളെ വിശദമായി വിലയിരുത്തണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തതയുണ്ട്.’ ദേശീയ സുരക്ഷാകൗണ്‍സില്‍ വക്താവ് പറയുന്നു.

വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്നുളള അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോര്‍ട്ടിലെ തെളിവുകളെന്നും അതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പേരുവെളിപ്പെടുത്താത്ത ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് 19 ഉത്ഭവത്തെ കുറിച്ചുളള ലോകാരോഗ്യസംഘടനയുടെ പഠനം സംബന്ധിച്ച് യുഎസ്, നോര്‍വേ, കാനഡ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ മാര്‍ച്ചില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതേസമയം, വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ഉത്ഭവിച്ചതല്ലെന്ന് ഫെബ്രുവരിയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുളള സംഘം സ്ഥിരീകരിച്ചതാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. യുഎസ് ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി.

വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് പലതവണ ആരോപണം ഉന്നിച്ചിരുന്നു. ട്രംപിന്റെ ആരോപണത്തെ സാധൂകരിക്കുന്ന ഒരു ഫാക്ട് ഷീറ്റ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ട്രംപ് ഭരണകൂടത്തിന്റെ അവസാനകാലഘട്ടത്തില്‍ പുറത്തുവിട്ടിരുന്നു.’ വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് വിശ്വസിക്കാന്‍ യുഎസ് സര്‍ക്കാരിന് കാരണമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker