News

മന്ത്രിയുടെ രാത്രി നടത്തം കൊണ്ട് സ്ത്രീകള്‍ സുരക്ഷിതരാകില്ല, നടക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: നിര്‍ഭയ ദിനമായി ആചരിക്കുന്ന ഡിസംബര്‍ 29ന് സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മന്ത്രിയും പോലീസും പരിവാരങ്ങളുമൊക്കെയായി മാധ്യമ ക്യാമറകള്‍ക്കു മുന്നിലൂടെ രാത്രി രണ്ടു മണിക്കൂര്‍ നടന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് രാത്രി സുരക്ഷിതമായി സഞ്ചരിക്കാമെന്നും പൊതു ഇടം സ്ത്രീയുടേതു കൂടി ആയി മാറുമെന്നും പ്രചരിപ്പിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്, സ്ത്രീകളെ പരിഹസിക്കലാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

നിര്‍ഭയ ദിനമായി ആചരിക്കുന്ന ഡിസംബര്‍ 29ന് സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പും മന്ത്രി കെ കെ ശൈലജ ടീച്ചറും കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെതിരെ പൊതുബോധം സൃഷ്ടിക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ തന്നെ രംഗത്ത് ഇറങ്ങേണ്ടി വന്നിരിക്കുന്നു. ഇത് നിസ്സാര കാര്യമല്ല. 29ന് രാത്രി 11 മുതല്‍ ഒരു മണി വരെ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിക്കാനാണ് തീരുമാനം. പൊതു ഇടം എന്റേതും എന്ന സന്ദേശം സ്ത്രീകളില്‍ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്നും പറയുന്നു. യഥാര്‍ത്ഥത്തില്‍ മന്ത്രിയും പൊലീസും പരിവാരങ്ങളുമൊക്കെയായി മാധ്യമ ക്യാമറകള്‍ക്കു മുന്നിലൂടെ രാത്രി രണ്ടു മണിക്കൂര്‍ നടന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് രാത്രി സുരക്ഷിതമായി സഞ്ചരിക്കാമെന്നും പൊതു ഇടം സ്ത്രീയുടേതു കൂടി ആയി മാറുമെന്നും പ്രചരിപ്പിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്, സ്ത്രീകളെ പരിഹസിക്കലാണ്. ഒറ്റയ്‌ക്കോ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒപ്പമോ സ്ത്രീക്ക് ഏത് സമയത്തും കേരളത്തില്‍ എവിടെയും സഞ്ചരിക്കാനുള്ള സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് ആ സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ കുറ്റസമ്മതം കൂടിയാണ് ശൈലജ ടീച്ചറുടെ രാത്രി നടത്തം പരിപാടി. സ്ത്രീസുരക്ഷ ഉറപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് പല രാജ്യങ്ങളിലും സ്ത്രീകൂട്ടായ്മകള്‍ അതാതിടത്തെ സര്‍ക്കാരുകള്‍ക്കെതിരേ പ്രതീകാത്മകമായി നടത്തിയിട്ടുള്ള പ്രക്ഷോഭ രീതിയാണ് ഇത്. സര്‍ക്കാര്‍ തന്നെ അതിന്റെ പ്രചാരകരായി വരുന്ന ദുസ്ഥിതി കേരളത്തിലെ സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ട്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചതുകൊണ്ടു മാത്രം സ്ത്രീ സുരക്ഷ നടപ്പാകില്ല.

നിര്‍ഭയദിനത്തില്‍ സ്ത്രീസുരക്ഷാ പരിപാടികളുമായി രംഗത്തു വന്നിരിക്കുന്ന കെ കെ ശൈലജ ടീച്ചറും സര്‍ക്കാരും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേരളത്തിലെ നിര്‍ഭയ പദ്ധതിക്ക് ആ പേര് തിരിച്ചു നല്‍കണം. ആരുമറിയാതെ ഉത്തരവിറക്കി നിര്‍ഭയ പദ്ധതിയുടെ പേര് മാറ്റി വിമന്‍ ആന്റ് ചില്‍ഡ്രന്‍ പ്രോഗ്രാം എന്നാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍. മാത്രമല്ല ബലാല്‍സംഗക്കേസുകളില്‍ ഇരകളായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന നിര്‍ഭയ ഷോര്‍ട് സ്റ്റേ ഹോമുകള്‍ ( വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോം) പൂട്ടിക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മാസങ്ങളായി പ്രവര്‍ത്തന ഫണ്ടും ജീവനക്കാരുടെ ശമ്പളവും നല്‍കാതെ ബുദ്ധിമുട്ടിക്കുന്നു. ഹോമുകളുടെ ചുമതല സാമൂഹികനീതി വകുപ്പിനാണെങ്കിലും നടത്തുന്നത് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മഹിളാ സമഖ്യ സൊസൈറ്റി (എംഎസ്എസ്സ്) ആണ്. അന്തേവാസികളെ പട്ടിണിക്കിടാതിരിക്കാന്‍ എംഎസ്എസ് അവരുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ നിന്നു വക മാറ്റിയാണ് ഹോമുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ നടത്തുന്നത്. എംഎസ്എസ് നടത്തുന്ന ഒമ്പത് ഷോര്‍ട് സ്റ്റേ ഹോമുകളും സന്നദ്ധ സംഘടനകള്‍ നടത്തുന്ന മൂന്നെണ്ണവുമാണുള്ളത്. തിരുവനന്തപുരത്ത് മൂന്നെണ്ണവും കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോന്നും വീതമാണ് എംഎസ്എസ് നടത്തുന്ന ഹോമുകള്‍. കോഴിക്കോട്ടും എറണാകുളത്തും കൊല്ലത്തും സന്നദ്ധ സംഘടനകളാണ് നടത്തുന്നത്. എറണാകുളത്തേത് നിര്‍ത്തി. കോട്ടയത്ത് പുതിയത് തുടങ്ങി. പക്ഷേ, നിലവിലുള്ളവയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നുമില്ല.

സ്ത്രീ സംരക്ഷണവും ഇരകള്‍ക്കൊപ്പം നില്‍ക്കലും ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ അവകാശവാദമായിരിക്കെയാണ് ഈ ക്രൂരമായ അവഗണനയും ഷോര്‍ട് സ്റ്റേ ഹോമുകളെ തകര്‍ക്കാനുള്ള നീക്കവും. ആര്‍ക്കു വേണ്ടി, ആരെ സഹായിക്കാനാണ് ഈ ശ്രമം എന്ന് പറയാന്‍ മുഖ്യമന്ത്രിക്കും സാമൂഹിക നീതി-വനിതാ ശിശുക്ഷേമ മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. പ്രതികളെ സഹായിക്കാനോ? കേരളത്തെ പിടിച്ചുകുലുക്കിയതും നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയതുമായ കേസുകളിലെ മുഖ്യസാക്ഷികള്‍ കൂടിയാണ് നിര്‍ഭയ ഹോമുകളിലെ അന്തേവാസികള്‍. ഓരോ ഇരയും അവരുടെ കേസിലെ മുഖ്യസാക്ഷികൂടിയായതുകൊണ്ട്പ്രതികളോ അവരുടെ ആളുകളോ പരസ്യമായും രഹസ്യമായും കാത്തിരിക്കുന്നുണ്ട,് റാഞ്ചിക്കൊണ്ടു പോകാന്‍. അതുകൊണ്ട് ഒരേസമയം ഇരയും സാക്ഷിയുമാണ് ഇവിടെ സുരക്ഷിതരായിരിക്കേണ്ടത്. ആ ജാഗ്രത ഇല്ലാതെയാണ് ഇപ്പോള്‍ ആ ഹോമുകളെ അവഗണിക്കുന്നത്. മുന്നൂറിലിധികം പെണ്‍കുട്ടികള്‍ക്ക് തങ്ങള്‍ ജനിക്കുകയോ വളരുകയോ ചെയ്ത വീടുകളേക്കാള്‍ പ്രിയപ്പെട്ടതാകേണ്ട ഷെല്‍ട്ടറുകളാണ് ഇവ. ഷോര്‍ട്ട്സ്റ്റേ ഹോമുകള്‍ക്കു വേണ്ടി പന്ത്രണ്ടരക്കോടി രൂപ വകയിരുത്തുന്നു എന്നാണ് കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഈ ഹോമുകള്‍ തടവറകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഇവയെ സ്ത്രീസൗഹൃദപരമാക്കുമെന്നും കൂടി അദ്ദേഹം സഭയില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ക്ക് ജീവിതത്തേക്കുറിച്ചു പ്രതീക്ഷ നല്‍കുന്ന അന്തരീക്ഷമുണ്ടാക്കും എന്നാണ് പറഞ്ഞത്. പക്ഷേ, സംഭവിച്ചത് നേരേ തിരിച്ചാണ്.

ലൈംഗികപീഢനത്തിന് ഇരയായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന നിര്‍ഭയ പദ്ധതിയുടെ ഭാഗമായ ഷോര്‍ട് സ്‌റ്റേ ഹോമുകള്‍ക്ക് ഫണ്ട് നിഷേധിച്ചും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കിയും ശ്വാസം മുട്ടിക്കുകയുമാണ്. തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് ഇത് പറയുന്നത്. ഈ മുന്നൂറിലധികം പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും അന്തസ്സുറ്റതുമായ ജീവിതം ഉറപ്പു നല്‍കാന്‍ തയ്യാറാകാതെ പൊതു ഇടം സ്ത്രീകളുടേതുമാണ് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.

 

https://www.facebook.com/SobhaSurendranOfficial/photos/a.238918589565322/1471241352999700/?type=3&theater

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button