ലോകത്തെ തന്നെ ഭീതിയിലഴിത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. അതേസമയം വൈറസിനേക്കാള്‍ വേഗത്തില്‍ വ്യാജ വാര്‍ത്തകളും പടരുകയാണ്. അത്തരത്തില്‍ മാസ്‌ക്കിന്റെ നിറം പറഞ്ഞ് നടക്കുന്ന വ്യാജ പ്രചാരണത്തില്‍ സത്യം വളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഡോ. ഷിംന അസീസ്.
ഷിംന അസീസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം
കൊറോണ വൈറസ് എന്ന് വേണ്ട വായുവിലൂടെ പകരുന്ന ഏത് രോഗവും ഒരു പരിധി വരെ തടയാനുള്ള ശേഷി മാസ്‌കിനുണ്ട്. സാധാരണ നമ്മളുപയോഗിക്കുന്ന പുറത്ത് പച്ച കളറുള്ള മാസ്‌കാണ് സര്‍ജിക്കല്‍ മാസ്‌ക്. ഇത് ആറ് മണിക്കൂര്‍ വരെ ഉപയോഗിച്ച ശേഷം മാറ്റി വേറെയിടണം.
നിപ്പ സമയത്ത് നമ്മള്‍ പരിചയപ്പെട്ട താരതമ്യേന കൂടുതല്‍ സുരക്ഷ തരുന്ന മാസ്‌കാണ് N95 മാസ്‌ക്. കട്ടി കൂടിയ, ധരിച്ചാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്ന ഈ മാസ്‌കിന് വില കൂടുതലാണ്. ഓരോ ദിവസവും വെവ്വേറെ മാസ്‌ക് ധരിക്കണമെന്നത് ചിലവേറിയ പരിപാടിയാണ്. മാത്രമല്ല, ധരിക്കാനുള്ള ബുദ്ധിമുട്ടും(N95 മാസ്‌ക് വെച്ചിട്ടും ഈസിയായി ശ്വാസം കിട്ടുന്നുണ്ടെങ്കില്‍ വെച്ചിരിക്കുന്ന രീതി തെറ്റാണ്), നിലവിലെ സാഹചര്യത്തില്‍ രോഗികളുമായി നേരിട്ട് ഇടപെടുന്നവര്‍ക്കൊഴികെ ഇത് ആവശ്യമില്ല എന്നതും N95 മാസ്‌കിനെ ഒരത്യാവശ്യം അല്ലാതാക്കുന്നു.
ഇനീം കുറേ ടൈപ്പ് മാസ്‌കുണ്ട്. അത് പരിചയപ്പെടുത്താനല്ല ഈ പോസ്റ്റ്. മാസ്‌കിന്റെ പച്ച ഭാഗം പുറത്ത് ധരിക്കുന്ന ആള്‍ രോഗിയും അകത്തെ ഭാഗം പുറത്തേക്കാക്കി ധരിച്ചാല്‍ അയാള്‍ രോഗം തടയാനാണ് മാസ്‌ക് ധരിക്കുന്നത് എന്നും പറഞ്ഞൊരു മെസേജ് പരക്കുന്നുണ്ട്. ഇങ്ങനൊരു സംഗതിക്ക് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല.
പുറത്തേക്ക് ധരിച്ചിരുന്ന ഭാഗം ശ്രദ്ധിക്കാതെ പിന്നീട് അകത്തേക്ക് ആക്കി ധരിക്കുകയൊന്നും ചെയ്തേക്കരുത്, നേരെ വിപരീതഫലം ചെയ്യും. ഇടക്കിടക്ക് മാസ്‌ക് താഴ്ത്തിയിട്ട് വീണ്ടും ധരിക്കുകയോ നിലത്ത് വീണ മാസ്‌ക് വീണ്ടുമിടുകയോ ഒക്കെ ചെയ്താല്‍ മാസ്‌ക് ധരിക്കുന്ന ഫലം കിട്ടുകയില്ല താനും.
ഇനിയിപ്പോ മെസേജ് കണ്ട് ‘രോഗിയാണ്’ എന്ന് കാണിക്കാന്‍ പച്ച മാസ്‌ക് ധരിച്ച് ഇന്റിക്കേറ്ററിടുകയൊന്നും വേണ്ട. ആര് ധരിക്കുമ്‌ബോഴും പച്ച ഭാഗം പുറത്തായിരിക്കുന്നതാണ് ശരി.
നിങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന മെസേജ് ഫേക്കാണ്. പണിയില്ലാത്തോര്‍ ഉണ്ടാക്കി വിട്ട ഒന്നാന്തരം ഫേക്ക്. പോവാമ്ബ്ര.
Dr. Shimna Azeez