വിദ്യാസമ്പന്നയായ അമ്മ കുഞ്ഞിനെ ക്രൂരമായ പരീക്ഷണത്തിന് കുഞ്ഞിനെ എന്തിന് വിട്ടുകൊടുത്തൂ, മോഹനൻ വൈദ്യന്റെ ചികിത്സയിലൂടെ കുഞ്ഞു മരിച്ച സംഭവത്തിൽ ആഞ്ഞടിച്ച് ഡോ. ഷിംന അസീസ്
കൊച്ചി: മോഹനൻ വൈദ്യന്റെ വ്യാജ ചികിത്സയിലൂടെ ഒന്നര വയസുള്ള കുട്ടി മരിച്ച സംഭവത്തിൽ രോഷവും അമർഷവും പ്രകടിപ്പിച്ച് ഡോ. ഷംന അസീസ്
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
മോഹനന്റെ ‘ചികിത്സാപരാക്രമം’ കാരണം propionic acidemia ബാധിച്ച ഒരു കുഞ്ഞ് മരിച്ചിരിക്കുന്നു. ഒരു ലക്ഷത്തിൽ ഒരാൾക്ക് എന്ന രീതിയിലൊക്കെ വരുന്ന, പ്രൊട്ടീനും കൊഴുപ്പും പൂർണമായി ദഹിപ്പിക്കാനാകാത്ത സങ്കീർണവും അപൂർവ്വവുമായ ഒരവസ്‌ഥയാണിത് എന്നാണ് മനസ്സിലായത്. ഭക്ഷണത്തിൽ വരുത്തുന്ന നിയന്ത്രണങ്ങളും മറ്റും വഴി സുഗമമായും സുഖമായും ജീവിക്കുമായിരുന്ന കുഞ്ഞിനെ ”അങ്ങനെയൊരു രോഗമേയില്ല, ഇപ്പോ ശരിയാക്കിത്തരാം” എന്ന് പറഞ്ഞ് സകല മരുന്നും നിർത്തിച്ചത് മോഹനനാണെന്ന് അറിയുന്നു.
എക്‌സ്‌പീരിയൻസുള്ള ഒരു പീഡിയാട്രീഷ്യന് മാത്രം കൈകാര്യം ചെയ്യാനാവുന്ന ഒരു കേസ് എങ്ങനെയാണ് പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു എക്‌സ് കോൺട്രാക്‌ടർ ഏറ്റെടുക്കുന്നത്? വിദ്യാസമ്പന്നയായ അമ്മയാണ് കുഞ്ഞിനെ ഈ ക്രൂരമായ പരീക്ഷണത്തിന് വിട്ടുകൊടുത്തത് എന്നും കേൾക്കുന്നു. എന്താണിതൊക്കെ? നിങ്ങൾക്ക് മോഡേൺ മെഡിസിനെ പുച്‌ഛമാണെങ്കിൽ ‘വേറെ സിസ്‌റ്റത്തിലേക്ക് പോകുകയേ അരുത്’ എന്നൊന്നും കടുംപിടിത്തം പിടിക്കുന്നില്ല. ഏറ്റവും ചുരുങ്ങിയത് ഇത്തരം വ്യാജചികിത്സകരെയെങ്കിലും ഒഴിവാക്കണം. ‘പാരമ്പര്യവൈദ്യം’ എന്ന് പേരിട്ട് ആളെക്കൊല്ലാനിരിക്കുന്ന മോഹനനെപ്പോലുള്ള വിഷജീവികളെ ഒറ്റപ്പെടുത്തണം. ചികിത്സിക്കാൻ യോഗ്യതയുള്ളവരേ അത് ചെയ്യാവൂ. ആ വ്യവസ്ഥ ശക്‌തമാക്കണം, സുതാര്യമാവണം.
കൂടെ ഒരു വാക്ക് കൂടി. മോഹനനെന്ന വ്യാജന്റെ അടുത്തേക്ക് ഈ കുഞ്ഞിനെ പറഞ്ഞയച്ചത് ഒരു പ്രശസ്ത ഫേസ്ബുക്ക് നന്മമരമാണെന്നും കേട്ടു, ഇതിയാളുടെ പതിവാണെന്നും. പ്രിയപ്പെട്ട നന്മമരമേ, അറിയാവുന്ന പണിയെടുക്കുക. സാമൂഹ്യസേവനമോ ജനങ്ങളെ ഒരുമിച്ച് കൂട്ടലോ ഒക്കെ ഹിതം പോലെ ചെയ്‌തോളൂ. ആ വകയിൽ കിട്ടുന്ന വിശ്വാസ്യത അവനവന് അറിയുന്ന കാര്യങ്ങളിൽ അഭിപ്രായം പറയാൻ മാത്രമുപയോഗിക്കുക, ആളെക്കൊല്ലിയാകരുത്. അല്ലെങ്കിൽ നന്മമരം കടപുഴകി വീഴാൻ വലിയ താമസമൊന്നും കാണില്ല.
മനുഷ്യന്റെ കാര്യമാണ്, ജീവനാണ്. മോഹനന് നഷ്‌ടപ്പെടാൻ യാതൊന്നുമില്ല. ആയുസ്സിൽ തീരാത്ത ദു:ഖം അറിഞ്ഞ് കൊണ്ട് വാങ്ങി വെക്കരുത്. തെളിവുകൾ ഉണ്ടായിട്ടും ഇതിനെല്ലാമെതിരെ നടപടി ഉണ്ടാകാത്തതിലുള്ള കടുത്ത നിരാശയും രേഖപ്പെടുത്തുന്നു.