KeralaNewsRECENT POSTS

‘അമ്മേടെ ചേച്ചീടെ ഭര്‍ത്താവ് എന്റെ നെഞ്ചിലും മൂത്രൊഴിക്കുന്നിടത്തുമൊക്കെ തൊടും’; എട്ടാക്ലാസുകാരി പങ്കുവെച്ച ദുരനുഭത്തെ കുറിച്ച് ഡോ. ഷിംന അസീസ്

ഉന്നാവോ, കഠ്വ തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ അടുത്ത് കൗണ്‍സിലിങ്ങിന് വന്ന എട്ടാംക്ലാസുകാരിയുടെ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്. ഫേസ്ബുക്കിലൂടെയാണ് ഷിംന ഇക്കാര്യം പങ്കുവെച്ചത്. സ്വന്തം അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവില്‍ നിന്നാണ് എട്ടാംക്ലാസുകാരിയ്ക്ക് ദുരനുഭവം ഏറ്റുവാങ്ങേണ്ടി വന്നത്. ബലാല്‍സംഗമാണ്, എങ്ങോ നടക്കുന്ന കാര്യമെന്ന് കരുതേണ്ട. ചുറ്റുമുണ്ടത്. വിവാഹബന്ധങ്ങളില്‍ പോലുമുണ്ട്. ഇതിനെക്കുറിച്ചൊന്നും പൈങ്കിളി കൊണ്ടു വന്ന് ഒട്ടിക്കരുതൊരാളും. പെണ്ണിന് യാതൊന്നും നഷ്ടപ്പെടുന്നുമില്ലെന്നും ഷിംന കുറിപ്പില്‍ സൂചിപ്പിക്കുന്നു.

 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബലാൽസംഗത്തെ ‘ഒരു കൂട്ടം ബലാലുകൾ സംഘം ചേർന്ന്‌ അവതരിപ്പിക്കുന്ന പ്രോഗ്രാം’ എന്ന്‌ ഒരു പ്രമുഖദ്വൈവാരിക എഴുതിയത്‌ കണ്ട്‌ ചിരിച്ച വർഷങ്ങൾക്ക്‌ മുൻപുള്ള എന്നോട്‌ എനിക്കിന്ന്‌ വല്ലാത്ത അറപ്പുണ്ട്‌. കുറേക്കാലം മുൻപ്‌ ശ്രദ്ധക്കുറവുകൊണ്ട് സമാനമായൊരു റേപ്പ്‌ ജോക്കിന്‌ ഹ ഹ അടിച്ച്‌ പോയതിന്റെ കുറ്റബോധം കാരണം അത്യധികം സൂക്ഷ്‌മതയോടെയേ റിയാക്ഷനിൽ പോലും തൊടാറുള്ളൂ. റേപ്പും പീഡോഫീലിയയുമെല്ലാം ഒരു മനുഷ്യജീവിയെ എത്രത്തോളം തകർത്തിടുന്ന സംഗതികളാണെന്ന്‌ എനിക്കിന്ന്‌ വ്യക്‌തമായറിയാം.

ശശി തരൂർ ‘loss of innocence’ എന്ന്‌ വിളിക്കുമ്പോഴും പ്രീമാരിറ്റൽ കൗൺസിലിംഗ്‌ ക്ലാസിൽ ” കന്യാചർമ്മം വിവാഹത്തിന്‌ മുൻപ്‌ പൊട്ടാതിരിക്കാൻ എന്ത്‌ ചെയ്യും ഡോക്‌ടറേ, ഭർത്താവിന്‌ സംശയമാവൂലേ” എന്നുള്ള ചോദ്യം വരുന്നതുമൊന്നും എന്റെ തലച്ചോറിന്‌ വിഷയമാകുന്നതേയില്ല. കാരണം, സമൂഹത്തിന്റെ സ്‌ത്രീവിരുദ്ധതയുടെ ആഴം ആ തോതിലാണുള്ളത്‌. പതിനെട്ട്‌ വയസ്സുള്ളപ്പോൾ സ്‌കാനിങ്ങിന്‌ കിടന്ന കൂട്ടുകാരിയെക്കുറിച്ച്‌ ”സീല്‌ പൊട്ടിയിട്ടില്ല” എന്ന്‌ നേഴ്‌സിനോട്‌ പറഞ്ഞ്‌ വഷളൻ ചിരി ചിരിച്ച ഡോക്‌ടറും കുമ്പസരിക്കാൻ ചെന്നിടത്ത്‌ ”പേനയും റബ്ബറുമൊക്കെ മോഷ്‌ടിക്കുന്നത്‌ എന്നാ പാപമാ കൊച്ചേ? നീ സ്വയംഭോഗം ചെയ്യുകയോ നീലചിത്രം കാണുകയോ മറ്റോ ചെയ്‌തെങ്കിൽ അത്‌ പറ” എന്ന്‌ പറഞ്ഞ പള്ളിയിലച്ചനുമൊക്കെ ലിസ്‌റ്റിലുണ്ട്‌.

മുഖം നോക്കാതെ അന്യായങ്ങളെ ചോദ്യം ചെയ്‌ത്‌ തുടങ്ങിയിട്ട്‌ പോലും ഉള്ളിലെ പെൺശബ്‌ദത്തിന്‌ എത്തേണ്ട വളർച്ച എത്തിയിട്ടില്ലെന്നത്‌ എന്നെ അതിശയിപ്പിക്കുന്നില്ല. കാരണം, ഭർത്താവ് എന്ത് ചെയ്‌താലും ക്ഷമിക്കണം, സഹിക്കണം എന്നും ഭാര്യയുടെ ന്യായമായ ആവശ്യങ്ങൾ കിട്ടിയില്ലെങ്കിലും അതെല്ലാം അവഗണിച്ച്‌ ഭൂമീദേവിയായി നിലകൊള്ളണമെന്നുമുള്ള പൈങ്കിളിക്കുറിപ്പുകൾ വായിച്ചാണ്‌ ഞാനും വളർന്നത്‌. തല തിരിഞ്ഞു തുടങ്ങിയിട്ട്‌, അല്ല വസ്‌തുതകൾ തിരിഞ്ഞ്‌ തുടങ്ങിയിട്ട്‌ കാലം കുറച്ചായതേയുള്ളൂ. പക്ഷേ, ഇന്ന്‌ നിൽക്കുന്ന പക്ഷം ശരിയുടേതെന്ന്‌ തികഞ്ഞ ഉറപ്പുണ്ട്‌.

ബലാൽസംഗം നിഷ്‌കളങ്കത നഷ്‌ടപ്പെടുന്ന മഞ്ഞ നിലവാരത്തിലുള്ള ഒരു പ്രയോഗമാക്കിയത്‌ ഭാഷാനൈപുണ്യത്തിന്റെ പേരിൽ വാനോളം ഉയർത്തപ്പെടുന്ന ഒരു നേതാവാണെന്നോർക്കണം. പിന്നെ അത്‌ ആലങ്കാരികപ്രയോഗമാണെന്ന്‌ പറഞ്ഞ്‌ ഉരുളുന്നതും കണ്ടു. അലങ്കരിച്ചും ലഘൂകരിച്ചും പറയാൻ സാധിക്കുന്ന ഒന്നായി റേപ്പ്‌ മാറുന്നത്‌ അന്യായമാണ്‌.

സാധാരണ ഉപയോഗിക്കുന്ന പ്രയോഗമായ ‘മാനഭംഗ’മെന്നും പറയാൻ പാടില്ല. തള്ളി താഴെയിട്ട്‌ എന്തോ ചെയ്‌ത്‌ പോയതിന്റെ അഴുക്ക്‌ നല്ലോണമൊന്ന്‌ കുളിച്ചാൽ അവളുടെ ദേഹത്ത്‌ നിന്ന്‌ ഒലിച്ചു പൊയ്‌ക്കോളും. വലിച്ച്‌ പറിച്ചെടുത്തിട്ട്‌ ‘ഞാൻ നേടി’ എന്ന്‌ പറഞ്ഞൊരു ഊളച്ചിരി ചിരിക്കുന്നവന്റെ മാനമാണ്‌ നഷ്‌ടപ്പെടുന്നത്‌. അവനെയാണ്‌ ഒറ്റപ്പെടുത്തേണ്ടത്‌.

സൂര്യനെല്ലിയിലെ ഇരയോട്‌ ‘ഇത്രയും പേരുടെ കൂടെ പോയി സുഖിച്ചില്ലേ’ എന്ന്‌ ചോദിച്ചവരും ഗോവിന്ദചാമിയെ സുന്ദരക്കുട്ടപ്പനാക്കുന്ന നിയമവ്യവസ്‌ഥയും ഉന്നാവോയിലെ ‘ആകസ്‌മിക’ വാഹനാപകടവും, കത്വയിലെ ആ കുഞ്ഞിപൈതലും… റേപ്പാണ്‌. ബലാൽസംഗം. അല്ലാതെ ഒരു പെണ്ണിനും ഇവിടെ ഒരു തേങ്ങയും നഷ്‌ടപ്പെടുന്നില്ല.

ഇന്ന്‌ ലോക കൗമാരദിനം പ്രമാണിച്ച്‌ കുറച്ച്‌ എട്ടാംക്ലാസുകാരികൾക്ക്‌ ക്ലാസെടുത്തിരുന്നു. അതിലൊരു സുന്ദരിമോൾ അവസാനം എന്നോട്‌ വന്ന്‌ പറഞ്ഞൊരു കാര്യമുണ്ട്‌- ” എന്റെ വല്ല്യച്‌ഛൻ, അമ്മേടെ ചേച്ചീടെ ഭർത്താവ്‌ എന്റെ നെഞ്ചിലും മൂത്രൊഴിക്കുന്നിടത്തുമൊക്കെ തൊടും. ഞാൻ അയാളെ ദൂരെ കാണുമ്പോൾ പോലും നെഞ്ചിന്‌ കുറുകേ കൈ കെട്ടി നിൽക്കും. അടുത്ത്‌ വരുമ്പോൾ ഓടും. എന്നാലും വന്ന്‌ തൊടും. എനിക്ക്‌ ആരോടും ഒച്ചയിടാനറിയില്ല. അമ്മയോടും പറഞ്ഞിട്ടില്ല. അമ്മക്ക്‌ വിഷമമാവൂലേ? ഒന്ന്‌ സഹായിക്യോ?”. അവൾ ചെയ്യേണ്ടത്‌ പറഞ്ഞ്‌ കൊടുത്തു. സ്‌കൂളിൽ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുമുണ്ട്‌.

ബലാൽസംഗമാണ്‌, എങ്ങോ നടക്കുന്ന കാര്യമെന്ന്‌ കരുതേണ്ട. ചുറ്റുമുണ്ടത്‌. വിവാഹബന്ധങ്ങളിൽ പോലുമുണ്ട്‌. ഇതിനെക്കുറിച്ചൊന്നും പൈങ്കിളി കൊണ്ടു വന്ന്‌ ഒട്ടിക്കരുതൊരാളും. പെണ്ണിന്‌ യാതൊന്നും നഷ്‌ടപ്പെടുന്നുമില്ല.

റേപ്പിനെ തികഞ്ഞ ഗൗരവത്തോടെ കാണുക. ആ രീതിയിൽ മാത്രം അതേക്കുറിച്ച്‌ സംസാരിക്കുക, എഴുതുക. ഒന്ന്‌ മനസ്സിലാക്കുകയും ചെയ്യുക, ചെയ്യുന്നവനാണ്‌ നഷ്‌ടം, ചെയ്യുന്നവന്‌ മാത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker