പത്ത് കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് ശില്‍പ ഷെട്ടി; കാരണം ഇതാണ്
ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ശില്‍പ ഷെട്ടി. വിവാഹത്തിന് ശേഷം ശില്‍പ സിനിമയില്‍ നിന്നും അല്‍പം അകലം പാലിച്ച് മാറി നില്‍ക്കുകയായിരിന്നു. എങ്കിലും താരത്തിന്റെ ചെറിയ വിശേഷങ്ങള്‍ പോലും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ താരസുന്ദരി ശില്‍പ്പ ഷെട്ടി പത്ത് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വെച്ച വാര്‍ത്തയാണ് പുറത്തുവന്നത്. ശരീരം മെലിയുന്നതിനുളള ആയുര്‍വ്വേദ മരുന്നിന്റെ പരസ്യമോഡലാകാനുളള വമ്പര്‍ ഓഫറാണ് ശില്‍പ്പ ഷെട്ടി തളളിക്കളഞ്ഞത്. ഇതിന്റെ കാരണവും വിശദീകരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.
‘ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ പ്രേരിപ്പിക്കാന്‍ എനിക്കാവില്ല. മെലിയാനുളള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ചിട്ടയായ വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമങ്ങളിലൂടെയും മാത്രമേ ആരോഗ്യം സംരക്ഷിക്കാനാകൂ. ജീവിതചര്യ ശരിയായ രീതിയില്‍ പരിഷ്‌ക്കരിച്ചാല്‍ ദീര്‍ഘനാളത്തേക്കുളള ഫലമുണ്ടാകുമെന്നും’ ശില്‍പ്പ പറയുന്നു.
യോഗയിലൂടെയും വ്യായാമങ്ങളിലൂടെയും ശരീരസൗന്ദര്യവും ഫിറ്റ്നസ്സും കാത്ത് സൂക്ഷിക്കുന്ന താരമാണ് ശില്‍പ്പ ഷെട്ടി. നിലവില്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായാണ് ശില്‍പ്പ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്താറുള്ളത്.