EntertainmentNationalNews

ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ്‌ ‘കുന്ദ്ര നിക്ഷേപിച്ചതു കോടികള്‍,നടി ഗെഹന വസിഷ്ടിനും അശ്ലീലചിത്ര നിര്‍മാണത്തില്‍ പങ്ക്’

മുംബൈ:അശ്ലീല ചിത്ര നിര്‍മാണത്തിന് അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയില്‍വിട്ടു. അശ്ലീല ചിത്ര നിര്‍മാണത്തില്‍ കുന്ദ്രയുടെ പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോടതിയെ മുംബൈ പൊലീസ് ധരിപ്പിച്ചു. കുന്ദ്രയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നും പൊലീസ് പറഞ്ഞു.

‘ഹോട്‌ഷോട്‌സ്’ എന്ന ആപ്പാണ് അശ്ലീല വിഡിയോകള്‍ കൈമാറ്റം ചെയ്യാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചിരുന്നത്. 45കാരനായ കുന്ദ്രയാണു കേസിലെ നിര്‍ണായക കണ്ണിയെന്നു പൊലീസ് പറയുന്നു. കുന്ദ്രയുടെ സഹായി റയാന്‍ തോര്‍പ്പിനെയും അറസ്റ്റു ചെയ്തു. ഗഹന വസിഷ്ട് എന്ന ബോളിവുഡ് നടി അറസ്റ്റിലായ ശേഷമാണു കുന്ദ്രയുടെ പങ്കു പുറത്തായത്. ഗഹ്നയെ ചോദ്യം ചെയ്തപ്പോള്‍ കുന്ദ്രയുടെ മുന്‍ സഹായി ഉമേഷ് കാമത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു.

ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കുന്ദ്രയിലേക്ക് അന്വേഷണം എത്തിയത്. അശ്ലീലചിത്ര നിര്‍മാണത്തിനായി കുന്ദ്ര കോടിക്കണക്കിനു രൂപ മുടക്കിയിരുന്നതായും നവി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനത്തില്‍ 10 കോടിയോളം രൂപ നിക്ഷേപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്ക് അശ്ലീല ചിത്ര ആപ്പുകള്‍ ഈ കമ്പനി നിര്‍മിച്ചു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കുന്ദ്ര നിര്‍ബന്ധിച്ചെന്ന ആരോപണവുമായി നടി സരിഗ ഷോണ അടക്കമുള്ളവരും കഴിഞ്ഞ ഫെബ്രുവരിയില്‍ രംഗത്തെത്തിയിരുന്നു

ആരോപണങ്ങള്‍ നിഷേധിച്ച കുന്ദ്ര ‘ഹോട്‌ഷോട്‌സ്’ എന്ന ആപ്പ് കൂട്ടുപ്രതിയായ പ്രദീപ് ബാക്ഷിക്കു വിറ്റതായാണു പറയുന്നത്. ഇയാളെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല. അതേസമയം ആപ്പിലെ സാമ്പത്തിക ഇടപാടുകള്‍ കുന്ദ്ര ഇടയ്ക്കിടെ പരിശോധിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഹോട്‌ഷോട്‌സിലെ വിഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനായി കുന്ദ്ര വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായും സംശയമുണ്ട്. ഗഹന വസിഷ്ട്, ഉമേഷ് കാമത്ത് എന്നിവരും അശ്ലീല ചിത്രങ്ങളുടെ നിര്‍മാണം, ചിത്രീകരണം, തിരക്കഥ തയാറാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായും ഇതു സംബന്ധിച്ചു കുന്ദ്രയ്ക്കു സന്ദേശങ്ങള്‍ കൈമാറിയിരുന്നതായും പൊലീസ് പറഞ്ഞു. ഒന്‍പതു പേരാണു കേസില്‍ ഇതുവരെ അറസ്റ്റിലായത്.

അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പ്രലോഭിപ്പിച്ച ശേഷം അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 4ന് ഒരു യുവതി പരാതിപ്പെട്ടതോടെയാണു സംഭവത്തില്‍ കേസ് എടുക്കുന്നത്. യുവതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത ശേഷം കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു. മുന്‍പു മറ്റു ചിലര്‍ക്കെതിരെയും ഇത്തരം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ഭാര്യയും ബോളിവുഡ് താരവുമായ ശില്‍പ ഷെട്ടിക്കും 2 കുട്ടികള്‍ക്കും ഒപ്പം മുംബൈയില്‍ താമസിക്കുന്ന രാജ് കുന്ദ്രയ്‌ക്കെതിരെ വഞ്ചന, ഐടി ആക്ട് പ്രകാരം അശ്ലീല ചിത്രങ്ങളുടെയും പരസ്യങ്ങളുടെയും പ്രചാരണം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 5 മുതല്‍ 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിത്. മുന്‍പ് ഐപിഎല്‍ ഒത്തുകളി സംബന്ധിച്ചും കുന്ദ്ര ആരോപണ വിധേയനായിരുന്നു.

യുകെയിലെ കമ്പനിക്കുവേണ്ടി അശ്ലീല വിഡിയോകള്‍ അപ്ലോഡ് ചെയ്തു നല്‍കിയതിനാണ് ഉമേഷ് അറസ്റ്റിലായത്. ഇന്ത്യന്‍ സൈബര്‍ നിയമങ്ങള്‍ മറികടക്കുന്നതിനായി കുന്ദ്രയും സഹോദരനും ചേര്‍ന്നു സ്ഥാപിച്ച കമ്പനി യുകെയില്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നും ആരോപണമുണ്ട്. ഇന്ത്യയില്‍ സ്വകാര്യ ഇടങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നതു കുറ്റമല്ലെങ്കിലും ഇവ നിര്‍മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും മറ്റും ഒട്ടേറെ നിയമ തടസ്സങ്ങളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker