പാട്ട് പാടുന്ന കുട്ടി ആ ഷെഹ്‌ലയല്ല! വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ അറിയാന്‍
വയനാട്: ബത്തേരിയിലെ സ്‌കൂളില്‍ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് പാമ്പു കടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ പാട്ട് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് മറ്റൊരു കുട്ടിയുടെ വിഡിയോ. വസ്തുതകള്‍ പരിശോധിക്കാതെ ഈ വിഡിയോ പങ്കുവയ്ക്കുന്നവരോട് വീഡിയോയിലെ യഥാര്‍ഥ പാട്ടുകാരി ഷെഹ്ന ഷാനവാസ് പറയുന്നു.
പ്രിയപ്പെട്ടവരേ,
എന്റെ പേര് ഷഹ്ന ഷാനവാസ്. ഞാന്‍ വയനാട്ടിലെ മുട്ടില്‍ ഡബ്ല്യുഒ സ്‌കൂളില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയാണ്. 4 വര്‍ഷം മുന്‍പ് ചുണ്ടേല്‍ ആര്‍സി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പാടിയ പാട്ട് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുകയാണ്. എന്റെയും ബത്തേരിയില്‍ ക്ലാസ്മുറിയില്‍ പാമ്പ് കടിച്ചു മരിച്ച ഷെഹ്ല ഷെറിന്റെയും പേരിലെ സാമ്യം കൊണ്ടാവാം, പഴയ വിഡിയോ എടുത്ത് ഇതു ഷെഹ്ല ഷെറിനാണ് എന്ന മട്ടിലാണു പ്രചാരണം. ആ വിഡിയോയില്‍ ഉള്ളത് നമ്മെ വിട്ടുപിരിഞ്ഞ ഷെഹ്ലയല്ല.
അതു ഞാനാണ്; ഷഹ്ന ഷാനവാസ്! ഞാനിപ്പോഴും ജീവനോടെയിരിക്കുന്നയാളാണ്. തോന്നിയപോലെ തലക്കെട്ടിട്ട് ഇത്തരം വിഡിയോകള്‍ പ്രചരിക്കുമ്പോള്‍ ഞങ്ങളെപ്പോലുള്ളവര്‍ക്കുണ്ടാകുന്ന മനോവിഷമം എത്രത്തോളമുണ്ടാകുമെന്ന് എല്ലാവരും ആലോചിക്കണ്ടേ? ഷെഹ്ലയ്ക്കുണ്ടായ ദുര്‍വിധിയോര്‍ത്ത് സങ്കടപ്പെടുമ്പോള്‍ത്തന്നെയാണ് ഇതുപോലുള്ള വിഡിയോകളും കാണേണ്ടിവരുന്നത്. ഷെഹ്ലയോടുള്ള സ്നേഹം കൊണ്ടായിരിക്കുമെങ്കിലും വസ്തുത മനസ്സിലാക്കാതെ ഇത്തരം കാര്യങ്ങള്‍ ദയവു ചെയ്തു ആരും പ്രചരിപ്പിക്കരുതേ…
എന്ന്,
സ്നേഹത്തോടെ
ഷഹ്ന ഷാനവാസ്
പ്ലസ് വണ്‍ വിദ്യാര്‍ഥിനി, ഡബ്ല്യുഒ എച്ച്എസ്എസ്, മുട്ടില്‍