ന്യൂഡൽഹി: എൻസിപി ശരദ് പവാർ പക്ഷത്തിന് ഇനി പുതിയ പേര്. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി–ശരദ്ചന്ദ്ര പവാർ എന്ന പേര് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു. പാർട്ടി നൽകിയ 3 പേരുകളിൽ നിന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ഈ പേരു തിരഞ്ഞെടുത്തത്. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് പവാർ, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് റാവു പവാർ എന്നിവയായിരുന്നു പവാർ നിർദ്ദേശിച്ച മറ്റു പേരുകൾ.
മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗികവിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചതോടെയാണ് ശരദ് പവാറിനും സംഘത്തിനും പാർട്ടിക്കു പുതിയ പേരു കണ്ടെത്തേണ്ടി വന്നത്.
ഇതിനു പുറമേ, പാർട്ടിയുടെ ചിഹ്‌നം തിരഞ്ഞെടുക്കുന്നതിനായി മൂന്ന് ചിഹ്‍നങ്ങളും അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയിരുന്നു. ഉദയസൂര്യൻ (തമിഴ്നാട് ഭരിക്കുന്ന ഡിഎംകെയ്‌ക്കു തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചിരിക്കുന്ന ചിഹ്‍നത്തിന്റെ വകഭേദം), ആൽമരം, ചായക്കപ്പ് എന്നിവയാണ് അദ്ദേഹം സമർപ്പിച്ചിരിക്കുന്ന ചിഹ്‍നങ്ങൾ. എൻസിപിയുടെ യഥാർഥ ചിഹ്‍നമായ ക്ലോക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അജിത് പവാർ വിഭാഗത്തിന് അനുവദിച്ചിരുന്നു.
അഭിഭാഷകരുമായും തനിക്കൊപ്പമുള്ള പാർട്ടി നേതാക്കളുമായി സുദീർഘമായ ചർച്ചകൾ നടത്തിയാണ് ശരദ് പവാർ മൂന്നു പേരുകൾ നിർദ്ദേശിച്ചതെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിയുടെ വോട്ടു ചോരുന്നതു തടയാൻ, പേരിനൊപ്പം നാഷനലിസ്റ്റ് അല്ലെങ്കിൽ പവാറിന്റെ പേര് ചേർക്കാനാണ് ശ്രമം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പുതിയ പേരു കണ്ടെത്തി അത് ആളുകളിലേക്കെത്തിക്കുന്നത് കടുത്ത വെല്ലുവിളിയാകുമെന്ന് നേതൃത്വം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ യഥാർഥ പേരും ശരദ് പവാറിന്റെ പേരും സംയോജിപ്പിച്ചുള്ള പരീക്ഷണം. ശരദ് പവാർ കോൺഗ്രസ്, ശരദ് പവാർ സ്വാഭിമാനി പക്ഷം എന്നീ പേരുകളും പാർട്ടി പരിഗണിച്ചിരുന്നതായാണ് വിവരം.
നേരത്തേ, 6 മാസത്തോളം നീണ്ട ഹിയറിങ്ങിനു ശേഷമാണ് പാർട്ടിയുടെ പേരും ചിഹ്‍നവും അജിത് പവാർ വിഭാഗത്തിന് അനുവദിച്ചത്. ജയന്ത് പാട്ടീൽ പ്രസിഡന്റായ ശരദ് പവാർ പക്ഷത്തിന് 27നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനു മുൻപ് പുതിയ പേരും ചിഹ്നവും അനുവദിക്കുന്നതിന് 3 നിർദേശങ്ങൾ വീതം നൽകാനും സമയം നൽകിയിരുന്നു. ഇന്നു വൈകിട്ട് ആറിനകം ഇതു കമ്മിഷനു നൽകണമെന്നായിരുന്നു നിർദ്ദേശം. ഈ സാഹചര്യത്തിലാണ് പുതിയ പേരുകളും ചിഹ്‍നങ്ങളും കൈമാറിയത്.