ബാക്കി നല്‍കാനുള്ള പണം വേണ്ട; വെയില്‍ പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്‍ നിഗം
കൊച്ചി: നിര്‍മാതാക്കളുമായുള്ള പ്രശ്നത്തില്‍ വീണ്ടും ക്ഷമാപണവുമായി നടന്‍ ഷെയില്‍ നിഗം. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞുകൊണ്ട് വെയില്‍ നിര്‍മാതാവ് ജോബി ജോര്‍ജിനാണ് ഷെയിന്‍ കത്ത് അയച്ചത്. ബാക്കി നല്‍കാനുള്ള തുക കൈപ്പറ്റാതെ തന്നെ സിനിമ പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് ഷെയിന്‍ കത്തില്‍ പറഞ്ഞു. ഇതോടെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. നിലവില്‍ 24 ലക്ഷം രൂപയാണ് വെയില്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ഷെയിന്‍ വാങ്ങിയത്. കരാര്‍ പ്രകാരം 40 ലക്ഷം രൂപ നല്‍കണം. എന്നാല്‍ ബാക്കി തരാനുള്ള പണം വേണ്ടെന്നും 24 ലക്ഷത്തിന് തന്നെ സിനിമ പൂര്‍ത്തിയാക്കാം എന്നുമാണ് ഷെയിന്‍ കത്തിലൂടെ പറഞ്ഞത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ജോബി ജോര്‍ജ് പറഞ്ഞു.
വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയിന്‍ നിഗം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷെയിന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. ഒരാഴ്ച കൊണ്ടാണ് ഷെയിന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ചിത്രം മാര്‍ച്ചില്‍ തിയെറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഷെയിന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതോടെ നിര്‍മ്മാതാക്കളുമായുള്ള സമവായത്തിന് സാഹചര്യമൊരുങ്ങുകയായിരുന്നു. ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം വിഷയത്തില്‍ ചര്‍ച്ചയാകാം എന്നായിരുന്നു നിര്‍മാതാക്കളുടെ നിലപാട്. ഇതേതുടര്‍ന്നാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ അമ്മ ഷെയിനോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഷെയിന്‍ നഷ്ടപരിഹാരം നല്‍കണം എന്ന നിലപാടില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഉറച്ചുനിന്നത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു.