‘എനിക്കു മൂഡ് വന്നാലേ അഭിനയിക്കാന്‍ പറ്റൂ’ ഖുര്‍ബാനിയുടെ നിര്‍മാതാവിനോട് ഷെയ്ന്‍ നിഗം കയര്‍ത്ത് സംസാരിക്കുന്ന ഓഡിയോ പുറത്ത്
വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടെ ഖുര്‍ബാനി എന്ന സിനിമയുടെ നിര്‍മ്മാതാവ് മഹാസുബൈറുമായി ഷെയ്ന്‍ നിഗം കയര്‍ത്ത് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഓഡിയോയിലുള്ളത്. അടിമാലിയില്‍ ഷൂട്ട് പ്ലാന്‍ ചെയ്യുന്നതിന് ഷെയ്നിന്റെ സമ്മതം തേടിയാണ് മഹാസുബൈര്‍ ഷെയ്നിനെ ഫോണില്‍ വിളിക്കുന്നത്.
ഇമോഷണല്‍ രംഗമായതിനാല്‍ അതു പെട്ടെന്നു വന്നു ചെയ്യാന്‍ കഴിയില്ലെന്നു ഷെയ്ന്‍ പറയുന്നു. ‘ആ മൂഡ് ആണെങ്കിലേ അഭിനയിക്കാന്‍ പറ്റൂ. സാധാരണ ഗതിയില്‍ ഒരു നടനും എടുക്കുന്ന എഫര്‍ട്ടല്ല, അതിനു പതിന്മടങ്ങ് എഫര്‍ട്ട് ഞാന്‍ ഇടുന്നുണ്ട്. അതെനിക്ക് കൃത്യമായി അറിയാം,’ എന്ന് വോയ്സ് ക്ലിപ്പില്‍ ഷെയ്ന്‍ പറയുന്നു.
എങ്ങനെയെങ്കിലും ചെയ്തു തരൂ, ഒത്തിരി പൈസയാണ് പോകുന്നതെന്ന നിര്‍മ്മാതാവ് പറയുമ്പോള്‍ ഞാനൊരു മനുഷ്യനാണെന്നും എനിക്കു മൂഡ് വന്നാലേ അഭിനയിക്കാനാകൂ എന്നുമാണ് ഷെയ്ന്‍ പറയുന്നത്. ഇന്ന് ഷൂട്ട് നടക്കില്ലെന്ന് തീര്‍ത്ത് പറയുന്ന ഷെയ്ന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ നാളെ സംസാരിക്കാമെന്നും ഇന്ന് തനിക്ക് സംസാരിക്കാന്‍ താത്പര്യവും സമയവുമില്ലെന്നും പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.