കൊച്ചി: ബ്ലാക്ക് മെയിലിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിക്കുന്നതായി നടി ഷംനാ കാസിം. സംഭവത്തില്‍ ഗൂഢാലോചന നടന്നതായി കരുതുന്നു. വളരെ കുറഞ്ഞ സമയത്തിനിടെയാണ് സംഭവങ്ങളെല്ലാം നടന്നത്. കേസുമായി മുന്നോട്ട് പോകുമെന്നും ഷംനാ കാസിം പ്രതികരിച്ചു.
കൃത്യമായി ആസൂത്രണം ചെയ്താണ് വിവാഹാലോചനയുമായി സംഘം വീട്ടിലെത്തിയത്. നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള റഫീഖ് വീട്ടില്‍ വന്നിട്ടില്ല. ബാക്കിയുള്ളവരെ ശബ്ദത്തിലൂടെ അറിയാം. വിവാഹത്തിനെന്ന് പറഞ്ഞ് അയച്ചു തരുന്ന ആളുകളുടെ ഫോട്ടോ വേറെയായിരിക്കും. പരിചയപ്പെട്ട് കുറച്ച് ദിവസത്തിനുള്ളില്‍ പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. വീഡിയോ കോള്‍ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പതറിയെന്നും ഷംന പറയുന്നു.
വീട്ടുകാരുമായാണ് സംഘം കൂടുതലും സംസാരിച്ചത്. അച്ഛനോടും അമ്മയോടും അവര്‍ സംസാരിച്ചു. പയ്യന്റെ അമ്മയെന്നും അച്ഛനെന്നും സഹോദരിയെന്നും പരിചയപ്പെടുത്തി ചിലര്‍ വിളിച്ചു. അതില്‍ ഒരു ചെറിയ കുട്ടിയുമുണ്ടായിരുന്നു. ഇത് കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന സംശയത്തിന് ബലം നല്‍കുന്നതാണ്.
ഒരു ടിക്ക് ടോക്ക് താരത്തെ തട്ടിപ്പ് സംഘം ഇതിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. പരാതി നല്‍കുന്നതിന് മുന്നോടിയായി കാസര്‍ഗോഡ് സ്വദേശിയായ ടിക്ക് ടോക് താരവുമായി സംസാരിച്ചിരുന്നു. പരാതി നല്‍കണമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയത് മറ്റ് പെണ്‍കുട്ടികള്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ്. സ്വന്തം സുരക്ഷ കണക്കാക്കാതെയാണ് മുന്നിട്ടിറങ്ങിയത്. അന്വേഷണ സംഘത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഷംന പറഞ്ഞു.