കൊല്‍ക്കത്ത: ഏകദിനത്തില്‍ നാഴികക്കല്ല് പിന്നിട്ട് പാക് പേസര്‍ ഷഹീന്‍ അഫ്രീദി. ഏറ്റവും വേഗത്തില്‍ 100 ഏകദിന വിക്കറ്റ് തികച്ച പേസറെന്ന ബഹുമതിയാണ് താരം സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഷഹീന്‍ 100 വിക്കറ്റെന്ന റെക്കോര്‍ഡില്‍ എത്തിച്ചേര്‍ന്നത്.
മിച്ചല്‍ സ്റ്റാര്‍ക്ക്, ഷെയ്ന്‍ ബോണ്ട്, മുസ്താഫിസുര്‍ റഹ്‌മാന്‍, ബ്രെറ്റ് ലീ എന്നീ ഫാസ്റ്റ് ബൗളര്‍മാരെ പിന്തള്ളിയാണ് അഫ്രീദി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന താരമായി മാറിയത്. 51 മത്സരങ്ങളില്‍ നിന്നാണ് ഷഹീന്‍ ഈ നേട്ടത്തിലെത്തിച്ചേര്‍ന്നത്.
ഇതോടെ 52 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് എടുത്ത ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് ആണ് ഇടംകൈയന്‍ പേസര്‍ മറികടന്നത്. ഇന്ത്യയുടെ മുഹമ്മദ് ഷമിയെക്കാള്‍ നാല് മത്സരങ്ങളും ജസ്പ്രീത് ബുംറയേക്കാള്‍ അഞ്ച് മത്സരങ്ങളും വേഗത്തിലാണ് ഷഹീന്‍ ഈ നാഴികക്കല്ലിലെത്തുന്നത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ പാകിസ്താനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് ഷഹീന്‍ അഫ്രീദിയാണ്. ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ തന്‍സിദ് ഹസനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് അഫ്രീദി കരിയറിലെ 100-ാം വിക്കറ്റ് നേടിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറുകള്‍ പിന്നിട്ട ബംഗ്ലാദേശ് ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സിലെത്തിയിരിക്കുകയാണ്. ഇതില്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയത് ഷഹീന്‍ അഫ്രീദിയാണ്.