
ജിദ്ദ: പാതിവില തട്ടിപ്പ് കേസിലെ പ്രതികള്‍ വാഗ്ദാനങ്ങളുമായി തന്റെ മുന്നിലും വന്നിരുന്നുവെന്ന് വടകര ലോക്‌സഭാംഗമായ ഷാഫി പറമ്പില്‍. വിവാദമായ തട്ടിപ്പില്‍ നിന്ന് താന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാതിവില തട്ടിപ്പ് കേസിലെ പ്രതികള്‍ വാഗ്ദാനങ്ങളുമായി എന്റെ മുന്നിലും വന്നിരുന്നു. ഭാഗ്യം കൊണ്ടാണ് വിവാദമായ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത്. ജനപ്രതിനിധി എന്ന നിലയില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന ധാരണയില്‍ പലപ്പോഴും എം.എല്‍.എമാരും എം.പിമാരും ഇത്തരം കാര്യങ്ങളില്‍ ഇടപെടാറുണ്ട്. വിശ്വാസത്തിന്റെ പേരില്‍ നല്ലത് പ്രതീക്ഷിച്ചു ഇടപെടുന്ന പലകാര്യങ്ങളും പലപ്പോഴും ദോഷം ചെയ്യാറുണ്ട്. പാതിവില തട്ടിപ്പില്‍ സംഭവിച്ചതും ഇതൊക്കെത്തന്നെയാണ്. അറിഞ്ഞുകൊണ്ട് ഒരു ജനപ്രതിനിധിയും തട്ടിപ്പിന് കൂട്ടുനിന്നു എന്ന് വിശ്വസിക്കുന്നില്ല.’ -ഷാഫി പറമ്പില്‍ പറഞ്ഞു.
പാതിവില തട്ടിപ്പില്‍ മൊത്തം 159 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പാതിവിലയില്‍ സ്‌കൂട്ടര്‍ ഉള്‍പ്പടെ നല്‍കാമെന്ന് പറഞ്ഞ് സാധാരണക്കാരില്‍നിന്ന് പിരിച്ചെടുത്ത ഈ പണം, കള്ളപ്പണമായി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇ.ഡി. മുന്നോട്ടുപോകുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണന്‍, സത്യസായി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ വസതിയിലുമാണ് പരിശോധന നടത്തിയത്.
രാഷ്ട്രീയഭേദമില്ലാതെ വിവിധ നേതാക്കള്‍ക്ക് അനന്തുകൃഷ്ണന്‍ പണം നല്‍കിയെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇടുക്കിയിലെ വിവിധ രാഷ്ട്രീയനേതാക്കള്‍ക്ക് ഒന്നരക്കോടിയോളം രൂപ ഇയാള്‍ നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇടുക്കിയിലെ ഒരു യുവനേതാവിന് മാത്രം 40 ലക്ഷം രൂപ കൈമാറിയെന്നാണ് അനന്തുവിന്റെ മൊഴി. എല്‍.ഡി.എഫിന്റെ ജില്ലാനേതാവിന് 25 ലക്ഷം രൂപയും നല്‍കി.
കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് അനന്തുകൃഷ്ണന്‍ 46 ലക്ഷം രൂപ കൈമാറിയെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി നടന്ന വന്‍തട്ടിപ്പില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്രയുംവലിയ തുകയാണ് കോണ്‍ഗ്രസ് നേതാവിന് നല്‍കിയതെന്ന് വ്യക്തമായത്.