കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ലഭിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആര്‍ഷോ ലംഘിച്ചത്.നേരത്തെ ഒന്നരമാസത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആര്‍ഷോയ്ക്ക് ജാമ്യം ലഭിച്ചത്. കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാണ് എസ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്.
വധശ്രമക്കേസില്‍ ആദ്യം ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നത്. തുടര്‍ന്ന് അറസ്റ്റിലായ ആര്‍ഷോ ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് കോടതി ജാമ്യം റദ്ദാക്കിയതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.