യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: 8 എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്; കെ.എസ്.യു പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിലുണ്ടായ സംഘര്‍ഷത്തില്‍ യൂണിയന്‍ പ്രസിഡന്റ് അടക്കമുള്ള എട്ട് എസ്.എഫ്.ഐ നതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഐ.പി.സി 307 പ്രകാരമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തതിരിക്കുന്നത്. നസീം,അദ്വൈത്, അമല്‍, ആരോമല്‍,ഇബ്രാഹിം, ശിവരഞ്ചിത് എന്നിവരുള്‍പ്പെടെയുള്ള എട്ട് പേര്‍ക്കെതിരയൊണ് കൊലപാതക ശ്രമത്തിന് കേസെടുത്തത്. അതേസമയം കെഎസ്യു പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ കുത്തിയിരിക്കുകയാണ്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
നേരത്തേ കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ചതിന്റെ തുടര്‍ച്ചയായാണ് കോളേജില്‍ സംഘര്‍ഷം ഉടലെടുത്തത്. എസ്എഫ്ഐ പ്രവര്‍ത്തകരും ബിരുദ വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. രാഷ്ട്രീയ സംഘര്‍ഷമല്ല കോളേജില്‍ നടന്നതെന്നാണ് എസ്എഫ്ഐ നേതാക്കളുടെ പ്രതികരണം. രണ്ട് ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലുള്ള പ്രശ്നമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് നേതാക്കള്‍ പറയുന്നത്. സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.