ആറാം വയസില്‍ ലൈംഗിക അതിക്രമം; രക്ഷിക്കാനായി അമ്മ ചെയ്തതിനെപ്പറ്റി രശ്മി ദേശായി
മുംബൈ:ഹിന്ദി സീരിയല്‍ രംഗത്തെ മിന്നും താരമാണ് രശ്മി ദേശായി. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥിയായും രശ്മി എത്തിയിരുന്നു. ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ രശ്മിയ്ക്ക് സാധിച്ചിരുന്നു. ഓണ്‍ സ്‌ക്രീനിലെ തന്റെ കഥാപാത്രങ്ങളിലൂടെ ഒരുപാട് പേരുടെ ഇഷ്ടം നേടിയെടുക്കാന്‍ രശ്മിയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്നൊരു മോശം അനുഭവത്തെക്കുറിച്ച് രശ്മി തുറന്ന് പറഞ്ഞിരുന്നു.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആറാം വയസിലുണ്ടായ മോശം അനുഭവം രശ്മി വെളിപ്പെടുത്തിയത്. ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു രശ്മിയ്ക്ക് ദുരനുഭവമുണ്ടാകുന്നത്. പ്രായമുള്ളൊരാള്‍ രശ്മിയെ തെറ്റായ രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷം താന്‍ ബസില്‍ യാത്ര ചെയ്യുന്നത് നിര്‍ത്തിയെന്നാണ് രശ്മി പറയുന്നത്.
”ഒരിക്കല്‍ ബസില്‍ നിന്ന് യാത്ര ചെയ്യവേ, ഒരു അങ്കിള്‍ മോശമായ രീതിയില്‍ എന്നെ സ്പര്‍ശിച്ചിരുന്നു. അന്നെനിക്ക് ആറോ ഏഴോ വയസ് ഉണ്ടായിരുന്നുള്ളു. ആ സംഭവം എന്നെ ഭയപ്പെടുത്തി. അമ്മയോട് ഇക്കാര്യം പറഞ്ഞു. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഓട്ടോറിക്ഷയിലായിരുന്നു പിന്നീടുള്ള യാത്ര. സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും അമ്മ എനിക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാനുള്ള പണം തരുമായിരുന്നു” എന്നാണ് രശ്മി പറഞ്ഞത്.
നേരത്തെ തന്റെ പതിനാറാം വയസിലുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ചുള്ള രശ്മിയുടെ തുറന്നു പറച്ചിലും വാര്‍ത്തയായിരുന്നു. കാസ്റ്റിംഗ് ഡയറക്ടറില്‍ നിന്നാണ് വളരെ ചെറിയ പ്രായത്തില്‍ തന്നെ രശ്മിയ്ക്ക് മോശം അനുഭവമുണ്ടാകുന്നത്. ”ഒരു ദിവസം എന്നെ ഓഡീഷന് വേണ്ടി വിളിച്ചു. ഞാന്‍ വളരെയധികം സന്തോഷത്തോടേയും ആവേശത്തോടേയുമാണ് അവിടെ എത്തിയത്. പക്ഷെ അവിടെ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്യാമറ പോലും ഉണ്ടായിരുന്നു. പിന്നെ അയാള്‍ എനിക്ക് ജ്യൂസില്‍ മദ്യം കലര്‍ത്തി എന്നെ അബോധാവസ്ഥയിലാക്കാന്‍ നോക്കി.” രശ്മി പറയുന്നു.
താന്‍ അയാളോട് താല്‍പര്യമില്ലെന്ന് പറഞ്ഞു. പക്ഷെ അയാള്‍ തന്നെ കുറേ നിര്‍ബന്ധിച്ചു. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ അവിടെ നിന്നും പുറത്ത് വരുന്നത്. നടന്നതെല്ലാം ഞാന്‍ അമ്മയോട് പറഞ്ഞു. അടുത്ത ദിവസം ഞങ്ങള്‍ അയാളെ വീണ്ടും കണ്ടു. അപ്പോള്‍ അമ്മ അവന്റെ കരണത്തടിച്ചുവെന്നും രശ്മി പറഞ്ഞിരുന്നു.
ശിവാനി ദേശായി എന്നാണ് രശ്മിയുടെ യഥാര്‍ത്ഥ പേര്. അഭിനയത്തിലേക്ക് കടന്നതോടെയാണ് പേര് മാറ്റുന്നത്. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ രംഗത്താണ് രശ്മി കൂടുതലും സജീവമായത്. 2006ല്‍ സംപ്രേക്ഷണം ചെയ്തിരുന്ന രാവണ്‍ ആയിരുന്നു ആദ്യ പരമ്പര. പിന്നീട് പരി ഹൂം മേം, ഉത്രാന്‍ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു. ഉത്രാനിലൂടെയാണ് താരമായി മാറുന്നത്.
സീരിയലുകള്‍ക്ക് പുറമെ റിയാലിറ്റി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 13 ലെ മത്സരാര്‍ത്ഥിയായിരുന്നു. നാഗിന്‍ 4, നാഗിന്‍ 6, ദില്‍ സേ ദില്‍ തക്ക് തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്