ലൈംഗിക പീഡന ആരോപണം: പ്രശസ്ത സംവിധായകനെ സംവിധായക സംഘടന പുറത്താക്കി
കൊല്‍ക്കത്ത: ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ബംഗാളി സിനിമ സംവിധായകരുടെ സംഘടന ഡയറക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ (ഡിഎഇഐ) അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. പ്രാഥമിക തെളിവുകളും കണക്കിലെടുത്താണ് ഡിഎഇഐ വേഗം നടപടി എടുത്തത് എന്നാണ് പത്രകുറിപ്പില്‍ പറയുന്നു.
ഡിഎഇഐ യുടെ ഒരു പ്രസ്താവന പ്രകാരം, "പ്രഥമദൃഷ്ട്യാ തെളിവുകളോടെയുള്ള ആരോപണം" കാര്യമായ ആശങ്കകൾ ഉയർത്തിയതിനാലാണ് സില്ലിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തുവെന്നാണ് അറിയിച്ചത്. ആരോപണങ്ങൾ പൂർണ്ണമായി അന്വേഷിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടും വരെ സില്ലിനെ സസ്‌പെൻഡ് ചെയ്യുന്നുവെന്ന് അസോസിയേഷന്‍ പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് സിൽ സിനിമയുടെ സെറ്റിലെ ഒരു വനിതാ അഭിനേതാവിനോട് അനുചിതമായ പെരുമാറിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സിൽ തന്‍റെ കവിളിൽ ചുംബിച്ചതായി നടി ആരോപിച്ചു. ഈ നടി സംസ്ഥാന വനിതാ കമ്മീഷനിൽ പരാതിയും നല്‍കിയിരുന്നു.
വെള്ളിയാഴ്ച വനിത കമ്മീഷന് മുന്നില്‍ ഹാജറായ സംവിധായകന്‍ സംഭവത്തില്‍ മാപ്പ് എഴുതി നല്‍കിയിരുന്നു. ഇത് സംഭവത്തില്‍ സില്ലിന്‍റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍റെ നടപടി.