KeralaNews

മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം; സാജനെതിരെ ഗുരുതര കണ്ടെത്തലുകൾ

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനം കൺസർവേറ്റർ എൻടി സാജനെതിരെ കണ്ടെത്തിയതു ഗുരുതര ക്രമക്കേടുകൾ. വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ​ഗുരുതര കണ്ടെത്തലുകൾ. കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഗൗരവമായ നടപടി സ്വീകരിച്ച്, അന്വേഷണ ഘട്ടത്തിൽ മാറ്റി നിർത്തണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് അവഗണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കേസിലെ പ്രധാന പ്രതികൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സാജൻ നടപടി സ്വീകരിച്ചതെന്നും പ്രതികളും ഒരു മാധ്യമ പ്രവർത്തകനും ചേർന്ന് ഒരുക്കിയ നാടകത്തിന്റെ ഫലമാണ് മണിക്കുന്നുമല മരം മുറി സംബന്ധിച്ച വ്യാജ റിപ്പോർട്ടെന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സർക്കാർ ഉദ്യോഗസ്ഥനു ചേരാത്ത പ്രവൃത്തികളാണ് സാജന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മേപ്പാടി മരം മുറി അന്വേഷിക്കാൻ എത്തിയ സാജൻ രഹസ്യ വിവരം ലഭിച്ചെന്ന പേരിൽ മണിക്കുന്നുമലയിലെ സ്വകാര്യ ഭൂമിയിൽ നിന്നു മരം മുറിച്ചതിനെ കുറിച്ചാണ് അന്വേഷിച്ചത്. ഈ രഹസ്യ വിവരം നൽകിയത് പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരായിരുന്നു എന്നു ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നു വ്യക്തമായിട്ടുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കുടുക്കാൻ വേണ്ടിയാണ് സാജൻ ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

സാജനെ പ്രതികൾ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ സ്വാധീനം ചെലുത്തിയിരുന്നതിന്റെയും തെളിവുകളും റിപ്പോർട്ടിൽ ഉണ്ട്. സാജന്റെ നിർദേശമനുസരിച്ചാണു കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒയ്ക്കു മേൽ സമ്മർദം ചെലുത്താനും കേസ് വഴിതിരിച്ചു വിടാനും ഒരു മാധ്യമപ്രവർത്തകൻ ശ്രമിച്ചതെന്നും രാജേഷ് രവീന്ദ്രൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എംകെ സമീർ നൽകിയ പരാതിയിൽ രാജേഷ് രവീന്ദ്രൻ അന്വേഷണം നടത്തി ജൂൺ 29നു നൽകിയ 18 പേജുള്ള റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ മാത്രം ഗൗരവം റിപ്പോർട്ടിൽ ഇല്ലെന്നായിരുന്നു വനം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടെന്നും അച്ചടക്ക നടപടി മാത്രമാണ് ശുപാർശ ചെയ്തിരിക്കുന്നതെന്നും പറഞ്ഞിരുന്നു.

എന്നാൽ നടപടി ഒന്നും വേണ്ടെന്ന നിർദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു ലഭിച്ചത്. ഇതേ തുടർന്ന് വീണ്ടും അന്വേഷണം നടത്തണം എന്ന വിശദീകരണത്തോടെ നടപടി ഫയൽ മടക്കി. അതിനു ശേഷമാണ് സാജനെ കോഴിക്കോട്ടു നിന്നു കൊല്ലത്തേക്കു മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker