കണ്ണൂര്‍: തനിക്കെതിരേ ചില ഗൂഢശക്തികള്‍ രാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. ”അവര്‍ മാധ്യമങ്ങളെ കൃത്യമായി ഉപയോഗിക്കുന്നതായും എനിക്കറിയാം. കുറച്ചുകാലമായി ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ന് അതിനെ എതിര്‍ക്കാന്‍ ഞാന്‍ അശക്തനാണ്. ആരോഗ്യപ്രശ്‌നവും ഉണ്ട്” -അദ്ദേഹം പറഞ്ഞു.
ഇത്തരം കളികള്‍ക്കുപിന്നില്‍ ആരാണെന്ന് വ്യക്തമായി എനിക്കറിയാം. വാര്‍ത്ത തയ്യാറാക്കിക്കൊടുക്കുന്നത് തിരുവനന്തപുരത്തുനിന്നാണ്. അക്കാര്യം ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. പറയേണ്ട സമയത്ത് പറയും. കുറച്ചുകാലമായി ഇതു തുടരുന്നു. ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ പറയും. പുറത്തുപറയേണ്ടത് പുറത്തുപറയുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ആദരിക്കല്‍ വിവാദം നോക്കുക. കൊച്ചിയിലെത്തിയപ്പോള്‍ യാദൃച്ഛികമായി വിളിച്ച സുഹൃത്ത് മുരളിയുടെ അഭ്യര്‍ഥനപ്രകാരം ക്ഷേത്രത്തിലെത്തി. അവിടെ ട്രസ്റ്റിയായ അമ്മയെ ആദരിക്കണമെന്ന് പറഞ്ഞ് അവര്‍തന്നെ തന്ന ഷാള്‍ അണിയിക്കുകയായിരുന്നു. അവര്‍ നന്ദകുമാറിന്റെ അമ്മയാണ്, ആരൊക്കെയാണ് അവിടെ ഉള്ളത് എന്ന കാര്യമൊന്നും താന്‍ ശ്രദ്ധിച്ചില്ല. ഇതിനെ രാഷ്ട്രീയലക്ഷ്യത്തോടെ വാര്‍ത്തയാക്കി മാറ്റുന്നതിനുപിന്നില്‍ ചിലരുടെ കളികളുണ്ട് എന്നാണ് പറഞ്ഞത്.
ടൂറിസ്റ്റ് വികസനലക്ഷ്യത്തിന്റെ ഭാഗമായാണ് റിസോര്‍ട്ട് തുടങ്ങാനുദ്ദേശിച്ചത്. പലരും സഹകരിച്ചു. എനിക്ക് വ്യക്തിപരമായി ഒരു നിക്ഷേപവുമില്ല. പക്ഷേ, ഷെയര്‍ ഹോള്‍ഡറായി മകനുണ്ട്. ഭാര്യ റിട്ടയര്‍ ചെയ്തപ്പോള്‍ അവന്റെ ഷെയര്‍ അവള്‍ക്ക് കൈമാറി. ഈ സ്ഥാപനം തട്ടിപ്പിലൂടെ സ്വന്തമാക്കാന്‍ശ്രമിച്ച ആള്‍ക്കെതിരേ കമ്പനി നടപടി തുടങ്ങിയപ്പോള്‍ അയാള്‍ നേരെപ്പോയത് നേരത്തേ പറഞ്ഞ ഗൂഢാലോചനക്കാരുടെ അടുത്തേക്കാണ്. അതാണ് വിവാദമായി പൊട്ടിമുളച്ചത്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാഥയില്‍ പങ്കെടുക്കാത്തതാണ് മറ്റൊരു വിവാദം. ജാഥയില്‍ എല്ലാവരും പങ്കെടുക്കണമെന്നില്ല. പി. ജയരാജനുമായി ഒരു പ്രശ്‌നവുമില്ലെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.
പാര്‍ട്ടി എന്നെ തഴയുന്നു എന്ന വാദം ശരിയല്ല. തില്ലങ്കേരിയിലെപ്പോലുള്ള പ്രശ്‌നങ്ങള്‍ ഗൗരവമായി കാണേണ്ടതുതന്നെയാണ്. പണ്ട് പാര്‍ട്ടി ഓഫീസിന്റെ വളപ്പില്‍പ്പോലും കയറ്റാത്തവരാണ് ഇന്ന് ചെഗുവേരയുടെയും മറ്റും ചിത്രംവെച്ച് ആളായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.ബി. അംഗമാവാനും പാര്‍ട്ടി സെക്രട്ടറിയാവാനും പറ്റാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന്് ചിലര്‍ എഴുതിയതില്‍ കഴമ്പില്ല. അര്‍ഹതയുള്ള ആള്‍ക്കാരെത്തന്നെയാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ ഏല്‍പ്പിച്ചത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.