CrimeKeralaNews

എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം: നടന്നത് പകവീട്ടല്‍, ആര്‍.എസ്.എസ്. നേതൃത്വത്തിന് അറിവ്- പോലീസ്

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം കാരണമെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തിയതിലുള്ള പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ആർ.എസ്.എസ്. നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി രതീഷ് എന്ന കൊച്ചുകുട്ടൻ എന്നിവരാണ് പോലീസ് പിടിയിലായത്. രണ്ട് പ്രതികളേയും പോലീസ് റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയിൽ വെച്ചാണ് എസ്.ഡി.പി. ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നാൽപ്പതിലധികം വെട്ടേറ്റ ഷാനിന്റെ കഴുത്തിനേറ്റ വെട്ടാണ് മരണകാരണമായതെന്നു പറയുന്നു.

ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തിയിട്ടുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ കണ്ടെത്തിയത്. മാരാരിക്കുളം പോലീസെത്തി കാർ പരിശോധിക്കുകയാണ്. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച കാർ വാടകയ്ക്കെടുത്തതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ശബരിമലയിൽ പോകാനെന്ന് പറഞ്ഞാണ് കാർ വാടകയ്ക്ക് എടുത്തത്.

അതേസമയം ആലപ്പുഴയിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസിന്റെ മൃതദേഹം സംസ്കരിച്ചു. ഈ കേസിൽ ഒരു പ്രതിയേയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button