ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് മണ്ണഞ്ചേരി പൊന്നാട് പള്ളി ഖബറിസ്ഥാനിയില്‍ നടക്കും. അതേസമയം, ആലപ്പുഴയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നു. എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം.
കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.
ഷാനിന്റെ കൊലപാതകത്തില്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. അഞ്ച് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, ആലപ്പുഴയില്‍ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തു. ആക്രമികള്‍ എത്തിയത് ആംബുലന്‍സിലാണെന്ന നിഗമനത്തിലാണ് പോലീസ്. എസ്ഡിപിഐ താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലന്‍സ്. വാഹനം പോലീസ് പരിശോധിച്ചു വരികയാണ്.