KeralaNews

ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളുടെ സ്ഥാനക്കയറ്റത്തിൽ ഗ്രേഡ് വരുന്നു,തീരുമാനം 20 നുള്ളിൽ

തിരുവനന്തപുരം:ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളുടെ സ്ഥാനക്കയറ്റത്തിൽ ഈ മാസം 20നുള്ളിൽ തീരുമാനം എടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. എല്ലാ ക്ലാസുകളിലും എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കുമെങ്കിലും വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കേണ്ടതുണ്ട്.

ഹെഡ് മാസ്റ്റർമാർക്കാണ് നിർദ്ദേശം ലഭിച്ചത്. രണ്ട് രീതിയിലാണ് പഠന വിലയിരുത്തൽ നടത്തുക. ഓൺ ലൈൻ ക്ലാസ് അടിസ്ഥാനത്തിലും കുട്ടികൾക്കു കൈമാറുന്ന പഠന മികവ് രേഖ പരിശോധിച്ചുമായിരിക്കും ഈ ഗ്രേഡിങ് നൽകുന്നത്.

അടുത്ത അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കുക പുതിയ സര്‍ക്കാര്‍ വന്നതിനുശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. നിലവിലെ കൊവിഡ് വ്യാപന സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത ഇല്ലെന്നും കൊവിഡ് വ്യാപനം കുറഞ്ഞാല്‍ സ്‌കൂള്‍ തുറക്കുന്നതിന് തടസ്സമുണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

നിലവില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുകയാണ്. ഇവ തടസമില്ലാതെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. ജൂണില്‍ ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

അടുത്ത അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതില്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലാണ് ആശങ്ക തുടരുന്നത്. കൊവിഡ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം മതി എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button