ഇറാൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; 50 ശതമാനം വോട്ട് ആർക്കും ഇല്ല, വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്
തെഹറാൻ: ഇറാനിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ സ്ഥാനാർഥികൾക്കാർക്കും 50 ശതമാനത്തിലേറെ വോട്ടുകൾ നേടാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് ജൂലൈ അഞ്ചിന് നടക്കും.
ഇറാന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുന്നത്. 2005 ലായിരുന്നു രണ്ടാം ഘട്ടം മുൻപുണ്ടായത്. അന്ന് മുൻപ്രസിഡന്റ് അക്ബർ ഹാഷെമി റഫ്‌സാഞ്ചാനിയെ തോൽപ്പിച്ച് അതിയാഥാസ്ഥിതികനായ മഹ്‌മൂദ് അഹ്‍മദിനെജാദ് പ്രസിഡന്റായി.
ഇത്തവണ രാജ്യത്ത് പോളിംഗ് ശതമാനത്തിൽ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. 45 നും 53 ശതമാനത്തിനും ഇടയിലായിരുന്നു പോളിംഗ്. 24.5 ദശലക്ഷത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പാർലമെന്റംഗം മസൂദ് പെസഷ്കിയാനും സുരക്ഷാ ഉദ്യോഗസ്ഥനായ സഈദ് ജലീലിയുമാണ് മുന്നിലെത്തിയത്. മസൂദ് 10.4 ദശലക്ഷം വോട്ടുകളും സഈദ് ജലീല 9.5 ദശലക്ഷം വോട്ടുകളുമാണ് നേടിയത്.
പാർലമെൻ്റിലെ കൺസർവേറ്റീവ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് 3.38 ദശലക്ഷം വോട്ടുകളും യാഥാസ്ഥിതിക ഇസ്‌ലാമിക നേതാവ് മൊസ്തഫ പൂർമൊഹമ്മദി 206,397 വോട്ടുകളുമാണ് നേടിയത്. മറ്റ് രണ്ട് സ്ഥാനാർത്ഥികളായ ടെഹ്‌റാൻ മേയർ അലിറേസ സകാനിയും സർക്കാർ ഉദ്യോഗസ്ഥനായ അമീർ-ഹുസൈൻ ഗാസിസാദെ ഹഷെമിയും മത്സരത്തിൽ നിന്ന് നേരത്തേ തന്ന പിൻമാറിയിരുന്നു.
‘വിപ്ലവ മുന്നണി’ക്ക് വിജയം ഉറപ്പാക്കാൻ അടുത്ത വെള്ളിയാഴ്ച നടക്കുന്ന റൺ ഓഫിൽ ജലീലിക്ക് വോട്ട് ചെയ്യാൻ ഗാലിബാഫും സകാനിയും ഗാസിസാദും തങ്ങളുടെ അനുയായികളോട് ആഹ്വാനം ചെയ്തു. അതേസമയം പാർലമെൻറ് അംഗവും പുരോഗമനവാദിയും മുൻ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ വിശ്വസ്തനുമായ മസൂദ് പെസെഷ്‌കിയാന് കൂടുതൽ വോട്ട് നേടായത് ശ്രദ്ധേയമായി. മുൻ ആരോഗ്യമന്ത്രി കൂടിയായ പെസെഷ്‌കിയനെ മുൻ കേന്ദ്ര-പരിഷ്‌കരണവാദികളായ പ്രസിഡൻ്റുമാരും മറ്റ് ഉന്നത വ്യക്തികളും പിന്തുണച്ചിട്ടുണ്ട്.
ആണവ കരാർ പുനഃസ്ഥാപിച്ചുകൊണ്ട് ഉപരോധം പിൻവലിക്കുമെന്നും ജനങ്ങളും സർക്കാരും തമ്മിലുള്ള വിടവ് ഇല്ലാതാക്കുമെന്നുമടക്കമുള്ള വാഗ്ദാനങ്ങളായിരുന്നു പെസഷ്കിയാൻ നൽകിയത്. ഭരണത്തിൽ ഏറിയാൽ അത്ഭുതം സൃഷ്ടിക്കുമെന്ന പ്രചാരണത്തിന് പകരം ജനങ്ങൾക്കൊപ്പം നിന്ന് പ്രശ്നങ്ങൾ സാവധാനം പരിഹരിക്കുമെന്ന ഉറപ്പ് കൂടിയായിരുന്നു അദ്ദേഹം ജനങ്ങൾക്ക് നൽകിയത്.
മുൻ പ്രസിഡൻറ് ഇബ്രാഹിം റെയിസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.അസർബൈജാനിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം നടന്നത്.