കുമരകത്ത് സ്‌കൂളിലേക്ക് നടന്ന് പോകുകയായിരുന്ന പത്താം ക്ലാസുകാരന്‍ തോട്ടിലേക്ക് എടുത്തു ചാടി! കാരണം അറിയാതെ അന്തം വിട്ട് നാട്ടുകാര്‍
കുമരകം: സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ പത്താം ക്ലാസുകാരന്‍ വഴിമധ്യേ തോട്ടിലേക്ക് എടുത്തുചാടി. യൂണിഫോമും ബാഗുമായി വിദ്യാര്‍ത്ഥി വെള്ളത്തിലേക്ക് എടുത്തുചാടുന്നത് കണ്ട നാട്ടുകാര്‍ കാരണം അറിയാതെ ഒരു നിമിഷം അന്തംവിട്ട് നോക്കി നിന്നു. തുടര്‍ന്ന് കുട്ടിയെ രക്ഷിക്കാനായി നാട്ടുകാരില്‍ പലരും ഓടിയെത്തിയപ്പോള്‍ വെള്ളത്തില്‍ നിന്ന് തല ഉയര്‍ത്തി വന്നു. അപ്പോള്‍ കുട്ടിയ്ക്ക് നീന്തല്‍ അറിയാമെന്ന് മനസിലാക്കിയതോടെ നാട്ടുകാര്‍ കരയില്‍ തന്നെ നില്‍ക്കുകയായിരുന്നു.
ശ്രീകുമാരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അംബരീഷാണ് ഓണപ്പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്കു പോകുന്നതിനിടെ തോട്ടിലേക്ക് എടുത്ത് ചാടിയത്. വഴിമധ്യേ ഒരു നായ അക്രമിക്കാനായി അംബരീഷിനടത്തേക്ക് ഓടിയെടുത്തപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ തോട്ടിലേക്ക് എടുത്തു ചാടുകയായിരുന്നു. തോട്ടിന്റെ കരയില്‍ അംബരീഷിനെ കാത്തുനിന്ന നായയെ നാട്ടുകാര്‍ ഓടിച്ചപ്പോഴാണ് അംബരീഷ് തിരിച്ച് കരയില്‍ കയറിയത്.