![](https://breakingkerala.com/wp-content/uploads/2025/02/man-arrested-for-sexually-assaulting-minor-girl_1200x630xt-780x470.jpg)
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സ്കൂളിൽ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗിതിക്രമം. സംഭവത്തിൽ സ്കൂളിലെ പ്രധാന അധ്യാപികയുടെ ഭർത്താവ് അടക്കം നാല് പ്രതികൾ പിടിയിലായി. വിവരമറിഞ്ഞ് പ്രകോപിതരായ പെൺകുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്കൂൾ തല്ലിതകർത്തു. തിരുച്ചിറപ്പള്ളി മണപ്പാറയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് നടുക്കുന്ന സംഭവം ഉണ്ടായത്.
ഉച്ച ഭക്ഷണ സമയത്ത് നാലം ക്ലാസിൽ തനിച്ചിരുന്ന പെൺകുട്ടിയോട് പ്രധാനധ്യാപികയുടെ ഭർത്താവായ വസന്ത് കുമാർ അപമാര്യാദയായി പെരുമാറുക ആയിരുന്നു. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി തന്നെയാണ് താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് അച്ഛനമ്മമാരോടു പറഞ്ഞു. ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ അയൽക്കാരെയും കൂട്ടി സ്കൂളിൽ എത്തി വസന്ത് കുമാറിനെ മർദിച്ചു. കല്ലേറിൽ സ്കൂളിലെ ജനൽ ചില്ലുകൾ തകർന്നു.
വസന്ത് കുമാറിന്റെ കാറും ജനക്കൂട്ടം മറിച്ചിട്ടു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം വസന്ത്കുമാറിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്കൂൾ വരാന്തയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വസന്തകുമാർ ക്ലാസ് മുറിയിലേക്ക് ഒറ്റയ്ക്ക് കയറിപ്പോകുന്നത് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ ഇയാളെയും പ്രധാനാധ്യപികയായ ഭാര്യയേയും സ്കൂൾ ജീവനക്കാരായ 2 പേരെയും അറസ്റ്റ് ചെയ്തു.
ഒരാൾ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായും തിരുച്ചിറപ്പള്ളി എസ്പി സെൽവ നാഗരത്നം പറഞ്ഞു. ലൈംഗികാതിക്രമണത്തിന് ഇരയായ കുട്ടിക്ക് കൌൺസിലിങ് നൽകും.സ്കൂൾ ഇനി തുറക്കാൻ അനുവദിക്കില്ലന്നാണ് ഒരു വിഭാഗം രക്ഷിതാക്കളുടെ നിലപാട്. ഇവരുമായി ചർച്ച നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.