24 വര്‍ഷം മുമ്പ് പാലില്‍ വെള്ളം ചേര്‍ത്ത ക്ഷീര കര്‍ഷകന് ആറ് മാസം തടവ് ശിക്ഷ!
ന്യൂഡല്‍ഹി: 24 വര്‍ഷം മുമ്പ് പാലില്‍ വെള്ളം ചേര്‍ത്ത ക്ഷീര കര്‍ഷകന് ആറ് മാസം തടവ് വിധിച്ച് സുപ്രീം കോടതി. ഉത്തര്‍പ്രദേശിലെ രാജ് കുമാര്‍ എന്ന ക്ഷീരകര്‍ഷകനെയാണ് സുപ്രീം കോടതി ശിക്ഷിച്ചത്. ഭക്ഷ്യ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ നിന്ന് നാമമാത്രമായി വ്യതിചലിച്ചാല്‍ പോലും കോടതികള്‍ക്ക് കുറ്റവാളികള്‍ക്കുള്ള ശിക്ഷ മയപ്പെടുത്താന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു.
1995 നവംബറിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിശോധിച്ചത്. രാജ് കുമാര്‍ വിറ്റ പാലില്‍ 4.5% പാല്‍ കൊഴുപ്പും 7.7% പാല്‍ സോളിഡ് നോണ്‍-ഫാറ്റ് (MSNF) ഉള്ളതായി കണ്ടെത്തിയിരുന്നു. അനുശാസിക്കുന്ന നിലവാരം 8.5 ശതമാനം പാല്‍ കൊഴുപ്പാണ്. കന്നുകാലികളുടെ തീറ്റയുടെ ഗുണനിലവാരത്തില്‍ നിന്നും പശുവിന്റെ ആരോഗ്യത്തില്‍ നിന്നും പാലിന് വ്യതിയാനങ്ങള്‍ ഉണ്ടാകാമെന്ന് കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
24 വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ കുമാറിനുള്ള ശിക്ഷ മയപ്പെടുത്തണമെന്നും അനുഭാവം കാണിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പാല്‍ പോലുള്ള ഇനങ്ങള്‍ നിയമത്തിന് കീഴില്‍ പ്രാഥമിക ഭക്ഷണമാണ്. നിയമത്തിന് കീഴില്‍ വരുന്ന ഭക്ഷണങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിശോധിക്കേണ്ടതാണ്.
മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അത് ആരോഗ്യത്തിന് ഹാനികരമല്ലെങ്കിലും അത് മായം ചേര്‍ക്കുന്ന ലേഖനമായി കണക്കാക്കേണ്ടതുണ്ട്. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളില്‍ നിന്നുള്ള നാമമാത്ര വ്യതിയാനം പോലും അവഗണിക്കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.