ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും ജസ്റ്റീസ് അശോക് ഭൂഷന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.
നിലവിലെ കൊവിഡ് വ്യാപനത്തിന്റെ പൊതുസാഹചര്യം വിലയിരുത്തിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണങ്ങള്‍ നടത്തിയത്. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങള്‍ നടക്കുകയാണ്. എന്നാല്‍ 60 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ല. 30 ശതമാനം പേര്‍ മാസ്‌ക് ശരിയായി ധരിക്കാതെ, തൂക്കിയിടുന്ന പ്രവണതയും കാണുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
കേരളം ഉള്‍പ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതിനിടെ, ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.