ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിദ്രൗപദി മുര്‍മുവിന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ കത്ത്. വിധി നടപ്പിലാക്കുന്നത് രാഷ്ട്രപതി തടയണമെന്നാണ് പ്രസിഡന്റ് അദീഷ് സി. അഗര്‍വാലയുടെ കത്തിലെ ആവശ്യം.
ഭരണഘടനാ സ്തംഭനം സൃഷ്ടിക്കുകയും പാര്‍ലമെന്റിന്റെ മഹത്വം തകര്‍ക്കുകയുംചെയ്യുന്ന വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കരുതെന്ന് കത്തില്‍ പറയുന്നു. കേസില്‍ വീണ്ടും വാദം കേട്ടാല്‍ മാത്രമേ ഇന്ത്യന്‍ പാര്‍ലമെന്റിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കും നീതി ഉറപ്പാകുകയുള്ളൂവെന്നും അഗര്‍വാല അഭിപ്രായപ്പെടുന്നു. പദ്ധതിക്ക് കാരണമായ നിയമനിര്‍മാണത്തിന്റെ ഉദ്ദേശ്യത്തെ സംശയിക്കുന്നത് വികൃത മനോനിലയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന പദ്ധതിയായ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ കഴിഞ്ഞ ഫെബ്രുവരി 15-ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നാലെ മാര്‍ച്ച് ആറിനകം ബോണ്ട് വിവരങ്ങള്‍ എസ്.ബി.ഐ. തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്നും 13-ന് കമ്മിഷന്‍ അത് പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സമയം നീട്ടിചോദിച്ച എസ്.ബി.ഐയുടെ ഹര്‍ജി തള്ളിയ സുപ്രീംകോടതി, ചൊവ്വാഴ്ച പ്രവൃത്തിസമയം പൂര്‍ത്തിയാവുന്നതിന് മുമ്പ് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ വിവരങ്ങള്‍ കൈമാറാന്‍ എസ്.ബി.ഐ. നിര്‍ബന്ധിതമായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ കര്‍ഷകസമരത്തെ കുറ്റപ്പെടുത്തിയും അതില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടും ചീഫ് ജസ്റ്റിസിന് കത്തയച്ച അഗര്‍വാലക്കെതിരെ സംഘടനയിലെ ഭൂരിഭാഗം ഭാരവാഹികളും രംഗത്തെത്തിയിരുന്നു. 21 അംഗ നിര്‍വാഹകസമിതിയിലെ 13 പേരാണ് അന്ന് അഗര്‍വാലയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ചത്.