രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങി സവര്‍ക്കറുടെ കൊച്ചു മകന്‍
മുംബൈ: സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍. രാഹുലിന്റെ പരാമര്‍ശത്തെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും രഞ്ജിത് സവര്‍ക്കര്‍ കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ പ്രതികരണം നിര്‍ഭാഗ്യകരമാണെന്നും അദ്ദഹം അത്തരം അഭിപ്രായങ്ങള്‍ നടത്തുക പതിവാണെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.
ഇന്നലെ കോണ്‍ഗ്രസ് നടത്തിയ ഭാരത് ബച്ചാവോ റാലിയിലായിരുന്നു സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട ബിജെപി നേതാക്കള്‍ക്കുള്ള മറുപടിയായി മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല രാഹുല്‍ ഗാന്ധിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനെതിരെയാണ് സവര്‍ക്കറുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു ഒരിക്കല്‍ ശിവജിയെ ‘കൊള്ളക്കാരന്‍’ എന്ന് വിളിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന് ക്ഷമ ചോദിക്കേണ്ടി വന്നിരുന്നു. അദ്ദേഹം കുടുംബത്തിന്റെ തെറ്റ് ആവര്‍ത്തിക്കുകയാണ്’ രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു. നേരത്തെ ഒരു ദൃശ്യ മാധ്യമത്തോട് സംസാരിക്കവെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും വിവാദ പ്രസ്താവനയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. നേരത്തെ രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയ ശിവസേന സവര്‍ക്കറെ അപമാനിച്ചാല്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു.