KeralaNews

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് പറയുന്നത് ഗുരുതര സാഹചര്യം; പി.സി.ജോർജിന് രൂക്ഷ വിമര്‍ശവുമായി സത്യദീപം

കൊച്ചി:പി.സി. ജോർജിനെതിരെ പരോക്ഷ വിമർശവുമായി സിറോ മലബാർ സഭ എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. ചുവടുതെറ്റുന്ന മതേതര കേരളം എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സഭയുടെ വിമർശം. റാസ്പുട്ടിൻ ഗാനത്തിന് ചുവടുവെച്ച തൃശ്ശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയ്ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.

ഡാൻസ് ജിഹാദ് എന്ന പുതിയ സംജ്ഞയുമായാണ് ചിലർ രംഗത്ത് എത്തിയിരിക്കുന്നത്. വിദ്വേഷ പ്രചാരണം സാമൂഹിക മനോരോഗമായി മാറിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മതതീവ്രവാദത്തിന്റെ വില്പന മൂല്യത്തെ ആദ്യം തിരിച്ചറിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തന്നെയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്.’ കാലാകാലങ്ങളിൽ അതിന്റെ തീവ്ര മൃദുഭാവങ്ങളെ സമർത്ഥമായി സംയോജിപ്പിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ജനകീയ അടിത്തറയെ വിപുലീകരിച്ചതും, വോട്ട് ബാങ്കുറപ്പിച്ചതും.

ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ മതത്തിന്റെ പേരിൽ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിർവ്വികാരമാക്കുന്നതും നാം കണ്ടു. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടിൽ രണ്ട് തട്ടിലായി പാർട്ടികളുടെ പ്രചാരണ പ്രവർത്തന നയരേഖ! തീവ്ര നിലപാടുകളുടെ ഇത്തരം വൈതാളിക വേഷങ്ങളെ തുറന്നു കാട്ടുന്നതിൽ പ്രീണനത്തിന്റെ ഈ പ്രതിനായകർ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോൾ തോറ്റുപോകുന്നത് മതേതര കേരളം മാത്രമാണ്.’

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് പരസ്യമായി ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ഗുരുതര സാഹചര്യമാണെന്ന് പി.സി.ജോർജിനെ പേരെടുത്ത് പറയാതെ സത്യദീപം കുറ്റപ്പെടുത്തി. ‘മതേതരത്വത്തെ ഇനി മുതൽ പിന്തുണയ്ക്കേണ്ടതില്ലെന്ന മട്ടിൽ ചില തീവ്ര ചിന്തകൾ ക്രൈസ്തവർക്കിടയിൽപ്പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവയ്ക്കപ്പെടുന്നുവെന്നത് മാറിയ കാലത്തിന്റെ മറ്റൊരു കോലം.

ഏറ്റവും ഒടുവിൽ 2030-ൽ ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടൻ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു.’ മുഖപ്രസംഗത്തിൽ പറയുന്നു.

മതം ഏകകമാകാത്ത ഐക്യകേരളമാണ് യഥാർത്ഥ ഐശ്വര്യകേരളമെന്നും അതാകട്ടെ ഭാവി യുവകേരളവുമെന്ന വാചകത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker