ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല, ക്രൂരമായ സൈബർ അധിക്ഷേപം നേരിടുന്നു’; പരാതിയുമായി സത്യഭാമ
തിരുവനന്തപുരം: കറുപ്പ് നിറമുള്ളവർ മോഹിനിയാട്ട മത്സരത്തിൽ പങ്കെടുക്കരുതെന്ന പരാമർശം നടത്തിയതിന് പിന്നാലെ ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബത്തെ വരെ വലിച്ചിഴച്ച് അധിക്ഷേപം തുടരുകയാണെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സത്യഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
താൻ ചില യൂട്യൂബ് ചാനലുകളോട് പറഞ്ഞ കാര്യത്തെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നും പിന്നാലെ വലിയ രീതിയിലുള്ള സൈബർ അധിക്ഷേപം നേരിടുന്നു എന്നുമാണ് സത്യഭാമ ആരോപിക്കുന്നത്. തന്റെ കുടുംബത്തെയും സ്വകാര്യതയെയും വലിച്ചിഴച്ച് കൊണ്ട് അപമാനിക്കാൻ ശ്രമിക്കുകയാണെന്നും തന്റെ അഭിമുഖം ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടല്ലെന്നും സത്യഭാമ കൂട്ടിച്ചേർത്തു. ഇതാദ്യമയാണ് സത്യഭാമ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്ന രീതിയിൽ പ്രതികരിക്കുന്നത്. നേരത്തെ മാദ്ധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴും സത്യഭാമ പരാമർശത്തിൽ ഉറച്ചുനിന്നിരുന്നു.
സംഭവം വിവാദമായതോടെ കാലാസാംസ്‌കാരിക പ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തിവച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നുപറഞ്ഞാൽ ഇതുപോലെയൊരു അരോചകത്വം വേറെയില്ല.
ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺപിള്ളേരിൽ നല്ല സൗന്ദര്യമുള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’- ഇങ്ങനെയായിരുന്നു സത്യഭാമയുടെ പരാമർശം.