KeralaNewsPolitics

വേദി നല്‍കാന്‍ മത്സരം,മധ്യകേരളത്തിലേക്കും തരൂർ; വിട്ടുനിന്ന് സുധാകരൻ; കോൺഗ്രസിൽ പോര് രൂക്ഷം

തിരുവനന്തപുരം: മലബാർ പര്യടനത്തിനു പിന്നാലെ മധ്യകേരളത്തിലേക്കും തരൂർ പര്യടനത്തിന് ഒരുങ്ങുന്നു. ഒരു വിഭാഗം നേതാക്കളും പോഷക സംഘടനകളുമാണ് തരൂരിന് വേദിയൊരുക്കുകയെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ചങ്ങനാശേരി അതിരൂപതയിൽ ഡിസംബർ നാലിന് നടക്കുന്ന സുവർണജൂബിലി സമാപന യുവജന സമ്മേളനത്തിലാണ് തരൂർ പങ്കെടുക്കുക.

ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന പരിപാടിയിലും തരൂർ പങ്കെടുക്കും. കൊച്ചിയിൽ പ്രഫഷണൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യ പ്രഭാഷകനായാണ് തരൂർ പങ്കെടുക്കുന്നത്. പരിപാടിയിൽ നിന്നും ആരോഗ്യ കാരണങ്ങൾ പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിട്ടു നിൽക്കുകയാണ്. ഓൺലൈൻ വഴി പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഈരാറ്റുപേട്ടയിൽ നടക്കുന്ന മഹാ സമ്മേളനമാണ് തരൂർ പങ്കെടുക്കുന്ന മറ്റൊരു പരിപാടി. പരിപാടിയുടെ പോസ്റ്ററിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസും കോൺഗ്രസും തമ്മിൽ പോരിലാണ്. സമ്മേളനം നടത്തുന്ന സ്ഥലത്ത് സതീശന്റെ ഫ്ലക്സ് ഉയർത്തിയാണ് എതിർഭാഗം വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.

കൊച്ചിയിലെ പ്രമുഖ വ്യക്തികൾ തരൂരിനെ കാണാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വി ഡി സതീശന്റെ മണ്ഡലത്തിൽ ഒരു ഡെന്റൽ ക്ലിനിക്കിന്റെ ഉദ്ഘാടനവും തരൂരാണ് നിർവഹിക്കുന്നത്. ഇത് നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നാണ് വിവരം.

കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നടക്കുന്ന പരിപാടികളിലും തരൂർ പങ്കെടുക്കും. ഡിസംബർ മൂന്നിന് പാലായിൽ കെ എം ചാണ്ടി സ്മാരക പ്രഭാഷണം തരൂരാണ് നിർവഹിക്കുന്നത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

അതേസമയം പാർട്ടിക്ക് എതിരല്ലാത്ത ഏത് പരിപാടിയിലും കോൺഗ്രസ് നേതാക്കൾക്ക് പങ്കെടുക്കാമെന്നാണ് കോൺഗ്രസ് അച്ചടക്ക സമതിയുടെ നിലപാട്. പാർട്ടിയുടെ ചട്ടക്കൂട് തകർക്കാതെ വേണം പ്രവർത്തനവുമായി മുന്നോട്ടു പോകാനെന്നും സമിതി നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker