അഭിനന്ദനെ പരിഹസിച്ചതില്‍ തെറ്റില്ല, അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്ന് ശശി തരൂര്‍; വ്യാപക പ്രതിഷേധം
തിരുവനന്തപുരം: അഭിനന്ദന്‍ വര്‍ധമാനെ പരസ്യത്തിലൂടെ പരിഹസിച്ചത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. അഭിനന്ദനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ല, പരസ്പരമുള്ള കളിയാക്കലിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. ഇന്ത്യന്‍ ജനത രാജ്യത്തിന്റെ അഭിമാനമായി കാണുന്ന അഭിനന്ദനെ അപമാനിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് പാക്കിസ്ഥാനെ ന്യായീകരിച്ച് തരൂര്‍ രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ പരിപാടിയിലാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് പോര്‍വിമാനത്തെ തുരത്തുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ചായിരുന്നു പാക്ക് ടി.വി പരസ്യം. ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് വിവാദ പരസ്യം.
പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാന്റെ വിഡിയോ രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ചോദ്യം ചെയ്യുന്ന പാക്ക് സൈനികര്‍ക്കൊപ്പം അഭിനന്ദന്‍ ചായ കുടിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു. ഇതിന്റെ വികലമായ അനുകരണമാണ് പരസ്യം. പാക്കിസ്ഥാന്‍ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്തെങ്കിലും ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല. ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താന്‍ എനിക്കാകില്ല’ എന്നാണ് പല ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കിയത്. ഈ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
ഇത് അനുകരിച്ചാണ് പാക്ക് ചാനലിന്റെ പരസ്യം. അഭിനന്ദന്‍ വര്‍ധമാനെപ്പോലെ തോന്നിക്കുന്ന ഒരാളാണ് ദൃശ്യത്തില്‍. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെക്കുറിച്ചും ദൃശ്യത്തിലില്ലാത്ത ഒരാള്‍ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താന്‍ എനിക്കാകില്ല’ എന്ന അഭിനന്ദന്റെ പ്രശസ്തമായ മറുപടിയാണ് ഇയാള്‍ നല്‍കുന്നത്.
ഒടുവില്‍, ചായ എങ്ങനെയുണ്ടെന്ന ചോദ്യവുമുണ്ട്. കൊള്ളം എന്ന മറുപടിക്കു പിന്നാലെ ഇയാളെ പോകാന്‍ അനുവദിക്കുന്നു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ പുറത്തേക്കു നീങ്ങുന്ന ഇയാളെ പിടിച്ചുനിര്‍ത്തി ചായക്കപ്പ് തിരികെ വാങ്ങുന്നു. തൊട്ടുപിന്നാലെ, കപ്പ് നമുക്കു നേടാം എന്ന അര്‍ഥത്തില്‍ ‘LetsBringTheCupHome ‘എന്ന ഹാഷ്ടാഗോടെ പരസ്യം അവസാനിക്കുന്നത്.