കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന പി.ആര്‍ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് ഉച്ചയ്ക്ക് 3 മണി മുതല്‍ ഈ മാസം 15ാം തീയതി വരെയാണ് കസ്റ്റഡി കാലാവധി.
സരിത്ത് നടത്തിയ ഫോണ്‍കോളുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യാനുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ഒപ്പം സരിത്തിന്റെ ഫോണിലെ വിവരങ്ങളെല്ലാം നശിപ്പിച്ച നിലയിലാണെന്നും ഇത് തിരിച്ചെടുക്കാനും സരിത്തിന്റെ സാന്നിധ്യം ആവശ്യമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം കസ്റ്റഡി നല്‍കരുതെന്നും ചോദ്യം ചെയ്യല്‍ വീഡിയോ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഭാഗത്തിന്റെ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി സരിത്തിനെ കസ്റ്റഡിയില്‍ വിട്ടത്.
ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണക്കടത്ത് കണ്ടെത്തുന്ന രാജ്യത്തെ ആദ്യ കേസാണ് ഇതെന്നും രാജ്യ സുരക്ഷയെയും സാമ്പത്തിക സുരക്ഷയേയും ബാധിക്കുന്ന കേസാണിതെന്നുമായിരുന്നു കസ്റ്റംസിന്റെ വാദം.
മറ്റൊരു വാദം പ്രതി സരിത്ത് ഫോണ്‍ രേഖകള്‍ ഫോര്‍മാറ്റ് ചെയ്തുവെന്നാണ്. വാട്ട്സ് അപ്പ് ചാറ്റുകളും ഡിലീറ്റ് ചെയ്തു. സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇവ വീണ്ടെടുക്കേണ്ടതുണ്ട്. മുഖ്യ ആസൂത്രകരിലേക്ക് അന്വേഷണം എത്തണമെങ്കില്‍ ഇവയെല്ലാം വേണമെന്നും കസ്റ്റംസ് വാദിച്ചു.