തുടക്കം തലവേദനയില്‍,വെള്ളിവെളിച്ചത്തില്‍ നിന്ന് വേദനകളിലേക്ക്,തിരിച്ചടിയിലും തളരാത്ത ശണ്യയുടെ പോരാട്ട വീര്യം
കൊച്ചി:ഒരു കാലത്ത് മലയാള മിനിസ്‌ക്രീന്‍ രംഗത്ത് എല്ലാമെല്ലാമായിരുന്നു ശരണ്യ.നാടന്‍ വേഷങ്ങളില്‍ ശാലീനസുന്ദരിയായാണ് ശരണ്യ പലപ്പോഴും സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരുകാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ വില്ലത്തിയായും ശരണ്യ നിറഞ്ഞുനിന്നിട്ടുണ്ട്. കൈനിറയെ അവസരങ്ങളുമായി 2012ല്‍ ഫീല്‍ഡില്‍ നില്‍ക്കുമ്പോഴാണ് തലവേദനയുടെ രൂപത്തില്‍ ശരണ്യയെ തേടി ട്യൂമര്‍ എത്തുന്നത്. തെലുങ്കില്‍ സ്വാതി എന്നൊരു സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വരുന്നത്. ഡോക്ടറെ കാണിച്ചശേഷം മൈഗ്രേയ്ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. 2012ല്‍ ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണു ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്.
തുടരെയുള്ള ഓപ്പറേഷനുകളും റേഡിയേഷന്‍ പ്രക്രിയകളും ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചു. തലയിലെ ഏഴാം ശസ്ത്രക്രിയയെത്തുടര്‍ന്നു ശരീരത്തിന്റെ ഒരു വശം തളര്‍ന്നു. രോഗത്തെ പല തവണ കീഴ്‌പ്പെടുത്തിയ ഈ പെണ്‍കുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ടാണ് ഇതുവരെയും ജീവിതത്തില്‍ പിടിച്ചുനിന്നത് പ്രതിസന്ധികളില്‍ക്കൂടിയും ജീവിതത്തില്‍ കടന്നുപോയ ശരണ്യ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെ എത്തിയത്.
2012-20 കാലഘട്ടത്തില്‍ തലയില്‍ 9 ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു. 33 തവണ റേഡിയേഷനും ചെയ്തു. സാമ്പത്തികമായും തകര്‍ന്ന ശരണ്യയെ സഹായിക്കാന്‍ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.
ശരണ്യ അര്‍ബുദവുമായി മല്ലിടുന്ന അവസരത്തിലാണ് സുഹൃത്ത് ബിനുവിന്റെ ആലോചന ശരണ്യയ്ക്ക് എത്തുന്നത്. 2014-ല്‍ ഒക്ടോബര്‍ 26 ന് ബിനുവും ശരണ്യയും വിവാഹിതരായി. എന്നാല്‍ വിവാഹം കഴിഞ്ഞും ട്യൂമര്‍ രൂക്ഷമായതോടെ വിവാഹജീവിതവും പ്രശ്‌നത്തിലായി
അങ്ങനെ പിന്നീടുള്ള ജീവിതപോരാട്ടത്തില്‍ ശരണ്യ തനിച്ചാവുകയും ചെയ്തു. ശാരീരികവും മാനസികമായും തളര്‍ന്ന ശരണ്യയ്ക്ക് പിന്നീട് ചികിത്സാ ചെലവുകള്‍ക്കായി ഉണ്ടായിരുന്നതെല്ലാം വിറ്റുകളയേണ്ട അവസ്ഥയും ഉണ്ടായി. സാമ്പത്തികമായും തകര്‍ന്നതോടെ അമ്മയും ശരണ്യയും ഒറ്റയ്ക്കായി.
പിന്നീട് സീമ ജീ. നായരുടെ നേതൃത്വത്തിലുള്ള സുമനസ്സുകളുടെ സഹായത്താല്‍ വാടവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേയ്ക്ക് ശരണ്യയും അമ്മയും താമസം മാറ്റിയിരുന്നു. അസുഖം മാറി വെള്ളിത്തിരയില്‍ തിരിച്ചെത്തണമെന്ന് ശരണ്യ എന്നും ആഗ്രഹിച്ചിരുന്നു. ആ സ്‌നേഹസീമയില്‍ നിന്ന് അമ്മയെ തനിച്ചാക്കി ശരണ്യ യാത്രയായി.