മകളെ കൊന്നത് താൻ തന്നെയെന്ന് സനു മോഹൻ്റെ കുറ്റസമ്മതം, മകളുമൊത്ത് ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്, ധൈര്യം നഷ്ടപ്പെടതിനാൽ വൈഗയെ തള്ളിയിട്ട ശേഷം ചാടാനായില്ലെന്ന് മൊഴി
കൊച്ചി: 13 വയസ്സുള്ള മകൾ വൈഗ യെ മുട്ടാർ പുഴയിൽ തള്ളിയിട്ടു കൊന്നത് താൻതന്നെയെന്ന് പിതാവ് സനു മോഹൻ പോലീസിന് മൊഴി നൽകി.മകളുമൊത്ത് ആത്മഹത്യ ചെയ്യാനാണ് നീക്കം നടത്തിയത്. ഇതിനായി മകളെ പുഴയിലേക്ക് തള്ളിയിടുകയും ചെയ്തു എന്നാൽ തുടർന്ന് ആത്മഹത്യ ചെയ്യാനുള്ള ധൈര്യം നഷ്ടപ്പെട്ടതിനാൽ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പൂനയിൽ ബിസിനസ് നടത്തി കോടികളുടെ കടബാധ്യത ഉണ്ടായിരുന്നു പണം നൽകിയവരിൽ നിന്നും ഭീഷണി ഉയർന്നതോടെ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ സനുവിൻ്റെ മൊഴി പോലീസ് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു. ഇന്ന് പുലർച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചത്. സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടർന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും. പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
മകളുടെ ദുരൂഹമരണത്തിന് പിന്നാലെ ഒളിവിൽപോയ സനുമോഹനെ പോലീസ് പിടികൂടിയത് ഇന്നലെ കർണാടകയിലെ കാർവാറിൽനിന്നാണ്. കഴിഞ്ഞദിവസം കൊല്ലൂർ മൂകാംബികയിൽനിന്ന് സ്വകാര്യബസിൽ ഉഡുപ്പിയിലേക്ക് കടന്നുകളഞ്ഞ സനുമോഹൻ, അവിടെനിന്ന് കാർവാറിലേക്ക് പോവുകയായിരുന്നു. ഇവിടെവെച്ച് ഞായറാഴ്ച രാവിലെയാണ് പോലീസ് സംഘം സനുമോഹനെ പിടികൂടിയതെന്നാണ് വിവരം.
ഏപ്രിൽ 10 മുതൽ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹൻ ലോഡ്ജിൽ താമസിച്ചിരുന്നതായാണ് ജീവനക്കാർ നൽകിയവിവരം. മാന്യമായാണ് പെരുമാറിയത്. അതിനാൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാർഡ് പെയ്മെന്റിലൂടെ നൽകാമെന്ന് പറഞ്ഞു. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായും ജീവനക്കാർ പറഞ്ഞു.
ഏപ്രിൽ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തിൽ പോകാൻ സനു മോഹൻ ടാക്സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടൽ മാനേജർ ടാക്സി ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജിൽ തിരികെവന്നില്ല. ഇയാൾ നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാൾ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയിൽ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.
സനു ലോഡ്ജിൽ നൽകിയ തിരിച്ചറിയൽ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തിൽ പോലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നൽകാതെ മുങ്ങിയതെന്ന് മനസിലായത്.
മാർച്ച് 21-നാണ് സനുമോഹനെയും മകൾ വൈഗയെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാർ കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർധിപ്പിച്ചു. തുടർന്നാണ് സനു മോഹൻ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെടെയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.