ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ആതിഥേയരായ അരുണാചലിനെ കീഴടക്കി രണ്ടാം ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത് കേരളം. യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. ജയത്തോടെ ഗ്രൂപ്പ് എയില്‍ നാല് കളികളില്‍ നിന്ന് ഏഴ് പോയന്റോടെ അസമിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന കേരളം ക്വാര്‍ട്ടര്‍ ബര്‍ത്ത് ഏതാണ്ട് ഉറപ്പാക്കി. തോൽവിയോടെ അരുണാചൽ പുറത്തായി.
കളിയാരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ അരുണാചല്‍ ബോക്സില്‍ കേരളത്തിന്റെ ആക്രമണമെത്തി. തൊട്ടുപിന്നാലെയെത്തിയ അരുണാചലിന്റെ പ്രത്യാക്രമണത്തില്‍ വിവേക് ഗുരുങ്ങിന്റെ ഷോട്ട് തടഞ്ഞ് ഷിനു അപകടമൊഴിവാക്കി. 35-ാം മിനിറ്റില്‍ ഹെഡറിലൂടെ ആഷിഖും 52-ാം മിനിറ്റില്‍ വി. അര്‍ജുനുമാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്.
മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ സഫ്നീദ് നല്‍കിയ ക്രോസ് ആഷിഖ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ബോക്സിലേക്ക് സഫ്നീദിന്റെ ക്രോസ് വരുമ്പോള്‍ ആഷിഖിനെ മാര്‍ക്ക് ചെയ്യാന്‍ ഒരേയൊരു അരുണാചല്‍ താരം മാത്രമായിരുന്നു ബോക്സില്‍ ഉണ്ടായിരുന്നത്. ഈ താരത്തിന്റെ ഉയരക്കുറവ് മുതലെടുത്ത ആഷിഖ് ജമ്പിങ് ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കേരളം ലീഡ് വര്‍ധിപ്പിച്ചു.
നാല് മാറ്റങ്ങളുമായാണ് കേരളം ഇന്നിറങ്ങിയത്. പ്രതിരോധത്തില്‍ പരിക്കിന്റെ പിടിയിലുള്ള ബെല്‍ജിന് പകരം ആര്‍. ഷിനുവും മധ്യനിരയില്‍ വി. അര്‍ജുന് പകരം ഗിഫ്റ്റി ഗ്രേഷ്യസും റിസ്വാനലിക്ക് പകരം മുഹമ്മദ് സഫ്നീദും മുന്നേറ്റത്തില്‍ ഇ. സജീഷിന് പകരം മുഹമ്മദ് ആഷിഖും ആദ്യ ഇലവനിലെത്തി.