ആലപ്പുഴ: ആവേശം സിനിമാ മോഡലില്‍ കാറിനുള്ളില്‍ സ്വിമ്മിങ്ങ് പൂള്‍ തയ്യാറാക്കി കുളിച്ച് യാത്ര ചെയ്തതിന് കേസെടുത്ത മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് യൂട്യൂബർ സഞ്ജു ടെക്കി.
കേസെടുത്തതിന് ശേഷം തന്‍റെ യുട്യൂബ് ചാനലിന് ലോകം മുഴുവന് റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാല് പോലും കിട്ടാത്ത പ്രശസ്തി എല്ലാവരും ചേർന്ന് നേടിത്തന്നുവെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട യൂട്യൂബ് വീഡിയോയിലുളളത്.
‘വളരെ നന്ദിയുണ്ട്. ലോകത്ത് പല ഭാഗങ്ങളില്‍ നിന്നും ആരാധകരുടെ സന്ദേശപ്രവാഹമാണ്. കുറ്റിപ്പുറത്തെ എംവിഡി വകുപ്പിന്‍റെ പരിശീലന ക്ലാസിനെയും സഞ്ജു പരിഹസിക്കുന്നുണ്ട്. ഒരുട്രിപ്പ് പോയിട്ട് ഏറെ കാലമായി.
കുറ്റിപ്പുറത്തേക്കുള്ള യാത്ര കൂട്ടുകാരുമൊത്തുളള ഒരു ട്രിപ്പായി മാറ്റും’. ഈ യാത്രയും ക്ലാസും വെച്ച് താന്‍ പുതിയ കണ്ടന്‍റ് നല്കുമെന്നും സഞ്ജു പറയുന്നു. യുട്യൂബ് വീഡിയോ മോട്ടോർ വാഹനവകുപ്പ് വളരെ ഗൗരവത്തിലെടുത്തിട്ടുണ്ട്. സഞ്ജുവിനെതിരെ കൂടുതല്‍ ശക്തമായ നടപടിക്കാണ് സാധ്യത.
യൂട്യൂബർ കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. യൂട്യൂബർ സഞ്ജു ടെക്കിക്കെതിരേയെടുത്ത നടപടികളെന്തൊക്കെയാണെന്ന് മോട്ടോർ വാഹന വകുപ്പ് അടുത്ത ആഴ്ച ഹൈക്കോടതിയെ അറിയിക്കണമെന്ന് നിർദേശം. വാഹനങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരേ കർശന നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടു.
വാഹനങ്ങളിലെ രൂപമാറ്റം, എക്സ്ട്രാഫിറ്റിങുകൾ എന്നിങ്ങനെ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നവരെ കണ്ടെത്തുകയും കർശന നടപടി സ്വീകരിക്കാനുമാണ് കോടതിയുടെ നിർദേശം. വാഹന നിർമാതാക്കൾ പുറത്തിറക്കുന്ന മോഡലുകൾ അല്ലാതെ മറ്റ് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
നേരത്തെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്കെതിരേ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു. സഞ്ജു ടെക്കിയുടെ സ്വിമ്മിങ് പൂൾ വീഡിയോക്ക് പിന്നാലെ വാഹനങ്ങളിലെ രൂപമാറ്റത്തിനെതിരേ ഹൈക്കോടതി കർശന നിലപാടിലേക്ക് നീങ്ങുകയാണ്. യൂട്യൂബർക്കെതിരേയെടുത്ത നടപടികൾ അടുത്ത വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിക്കാനാണ് അറിയിച്ചിരിക്കുന്നത്.