ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കായി സഞ്ചു ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയണിയും. സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഓപ്പണര്‍ ശിഖര്‍ ധവാനു പരിക്കേറ്റതോടെയാണു സഞ്ജുവിനു അവസരം ലഭിച്ചത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ഇതില്‍ ഒരു മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്. ഡിസംബര്‍ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോയുമായി ധവാന്റെ പരിക്കിനേക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു. താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തി.
ഇതേതുടര്‍ന്നാണു സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. നേരത്തെ, ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം നല്‍കിയില്ല. തൊട്ടടുത്ത പരമ്പരയില്‍ സഞ്ജുവിനെ തഴയുകയും ചെയ്തു. ഇതിനെതിരേ മുതിര്‍ന്ന കളിക്കാരില്‍നിന്ന് അടക്കം വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു.