മൊബൈൽ ഫോണുകൾക്ക് വില്ലനായി സാനിറ്റൈസർ
കൊച്ചി:കോവിഡിനെ അകറ്റിനിർത്താൻ നമുക്ക് സാനിറ്റൈസർ കൂടിയേ തീരൂ. എന്നാൽ, മൊബൈൽ ഫോണിൽനിന്ന് അതിനെ അകറ്റി നിർത്തുന്നതാണ് ബുദ്ധി! മൊബൈൽ ഫോണിനെ സാനിറ്റൈസ് ചെയ്താൽ പ്രശ്നം ഗുരുതരമാവും. മൊബൈലിൽ സാനിറ്റൈസർ വീണാൽ ഫോൺ ഡിസ്പ്ലേ, സ്പീക്കർ, ക്യാമറ, മൈക്ക് ഒക്കെ വേഗം തകരാറിലാകും. ഡിസ്പ്ലേയിൽ ഉപയോഗിച്ചിട്ടുള്ള പശ ഇതുമൂലം ഇല്ലാതാകാനും ഡിസ്പ്ലേയ്ക്ക് തകരാറുണ്ടാകാനും സാധ്യതയുണ്ട്.
മൈക്കിന്റെയും സ്പീക്കറിന്റെയും ഭാഗത്ത് സാനിറ്റൈസർ വീണാൽ പതുക്കെ ഫോണിന്റെ ഒച്ച പതറിത്തുടങ്ങും. അധികം വൈകാതെ ഫോണിന്റെ മിണ്ടാട്ടം നിലയ്ക്കും. തൊട്ടുണർത്തുന്ന ടച്ച് ഫോണുകളെ സാനിറ്റൈസറിൽ കുളിപ്പിച്ചാൽ സ്പർശന ശേഷി നഷ്ടപ്പെട്ട് ഫോൺ നിശ്ചലമായിപ്പോകും. വിരലടയാളം വെച്ച് ഫോൺ തുറക്കുന്ന സംവിധാനവും കണ്ണടച്ചു കളയും.
സാനിറ്റൈസറാണ് വില്ലനാകുന്നതെങ്കിലും നന്നാക്കാൻ കൊടുക്കുമ്പോൾ ഇവയെ മൊബൈൽ കമ്പനികൾ പരിഗണിക്കുന്നത് വെള്ളത്തിലായതിന്റെ തകരാറ് – വാട്ടർ ഡാമേജ് – എന്ന നിലയിലായിരിക്കും. വാറൻറി കിട്ടാനിടയില്ലെന്നർഥം.
നശിക്കട്ടെ സകല അണുക്കളും എന്ന നിലയിൽ സാനിറ്റൈസർ എടുത്ത് മൊബൈലിൽ തൂക്കുകയും ആസകലം സ്പ്രേ ചെയ്യുകയും ചെയ്യുന്നവർ നിരവധിയാണെന്ന് മൊബൈൽ സർവീസിങ് സ്ഥാപനങ്ങളിലുള്ളവർ പറയുന്നു. കോട്ടൺ തുണിയിൽ സാനിറ്റൈസർ എടുത്ത് ശ്രദ്ധയോടെ ഫോൺ തുടയ്ക്കുകയല്ലാതെ ഫോണിനെ കുളിപ്പിച്ചെടുക്കരുതെന്ന് ഓർമിപ്പിക്കുകയാണ് സർവീസ് സെന്ററുകൾ.