EntertainmentNews

അലി അക്ബറിന്റെ സിനിമ വിലക്കിയാല്‍ ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ തീയറ്റര്‍ കാണില്ലെന്ന് സന്ദീപ് വാര്യര്‍

കോഴിക്കോട്: സംവിധായകന്‍ അലി അക്ബറിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയാല്‍ ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ സിനിമ തീയറ്റര്‍ കാണില്ലെന്ന് വെല്ലുവിളിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വെച്ചാണ് പൂജ ചടങ്ങ് നടന്നത്. മലബാര്‍ കലാപത്തെ ആസ്പദമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴ മുതല്‍ പുഴ വരെ.

ആഷിഖ് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്ക്കരിച്ചു കൊണ്ട് സിനിമ എടുക്കുമെന്ന പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചു കൊണ്ട് അലി അക്ബര്‍ നടത്തിയ സിനിമ പ്രഖ്യാപനം യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയാകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സ്വാമി ചിദാനന്തപുരി ആണ് സിനിമയുടെ പൂജ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മലയാള സിനിമ മേഖലയില്‍ നിന്നും കോഴിക്കോട് നാരായണന്‍ നായര്‍ പരിപാടിയില്‍ പങ്കെടുത്തു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി. ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചാണ് ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. 25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. ഹരി വേണുഗോപാലാണ് സംഗീത സംവിധാനം ഒരുക്കുന്നത്. അലി അക്ബര്‍ ആണ് വരികള്‍ എഴുതുന്നത്.

മലയാളത്തിലെ പ്രമുഖര്‍ സിനിമയില്‍ ഭാഗമാകുമെന്നും അവര്‍ക്ക് അഡ്വാന്‍സ് കൊടുത്തതായും അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് നിര്‍മാണത്തിനായി ലഭിച്ചത്. ഏകദേശം 151 സീനുകള്‍ ആണ് ചിത്രത്തിനുള്ളതെന്നും വലിയ സിനിമയായതിനാല്‍ ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയുടെ ഭാഗമാണെന്നും അലി അക്ബര്‍ പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker