'സ്ലീവ്‌ലെസ് പോലും ധരിക്കില്ല, സായി പല്ലവിയെ മറന്നേക്ക്'; അനുഭവം പങ്കുവെച്ച് സന്ദീപ് റെഡ്ഡി
ഹൈദരാബാദ്:അർജുൻ റെഡ്ഡിയിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സായി പല്ലവിയെ ആയിരുന്നുവെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. എന്നാൽ, പിന്നീടാണ് അവർ അടുത്തിടപഴുകുന്ന സീനുകളിൽ അഭിനയിക്കില്ലെന്നും എന്തിന് സ്ലീവ്ലെസ് പോലും ധരിക്കില്ലെന്നും ഒരു കോർഡിനേറ്റർ പറഞ്ഞത്. തുടർന്ന്, മറ്റൊരു നായികയെ തേടി പോയെന്നും തണ്ടേല്‍ ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കവെ സന്ദീപ് പറഞ്ഞു.
‘അർജുൻ റെഡ്ഡിയിൽ നായികയാകാൻ സായി പല്ലവിയെ ആണ് പരിഗണിച്ചിരുന്നുത്. തുടർന്ന്, അവരുടെ ഡേറ്റിനെക്കുറിച്ച് സംസാരിക്കാൻ ഒരു കോർഡിനേറ്ററെ സമീപിച്ചു. എന്നാൽ, ഇയാൾ ശരിയായ കോർഡിനേറ്റർ ആയിരുന്നില്ല എന്ന് പിന്നീടാണ് മനസ്സിലായത്. ചിത്രത്തിന്റെ കാര്യം അന്ന് അദ്ദേഹത്തോട് സംസാരിച്ചു. പ്രണയകഥയാണെന്ന് പറഞ്ഞപ്പോൾ ഏത് തരത്തിലുള്ള പ്രണയമാണെന്നായിരുന്നു കോർഡിനേറ്ററുടെ മറുചോദ്യം. സാധാരണ തെലുങ്ക് ചിത്രങ്ങളിൽ കണ്ടിട്ടുള്ളതിലും അപ്പുറമുള്ള പ്രണയമായിരിക്കുമെന്ന് ഞാൻ മറുപടി പറഞ്ഞു.
അക്കാര്യം മറന്നേക്കാനായിരുന്നു കോർഡിനേറ്റർ നൽകിയ മറുപടി. ആ പെൺകുട്ടി ഒരു സ്ലീവ്‌ലെസ് പോലും സിനിമയ്ക്കായി ധരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ അവസരങ്ങൾക്കനുസരിച്ച് നായികമാർ പല രീതിയിൽ മാറാറുണ്ട്. എന്നാൽ, സായി പല്ലവി ഇതുവരെ ഈ രീതിയിൽ മാറിയിട്ടില്ല’, സന്ദീപ് റെഡ്ഡി പറഞ്ഞു. വലിയ കയ്യടികളോടെയാണ് സംവിധായകന്റെ വാക്കുകളെ സദസ്സിലുണ്ടായിരുന്നവർ സ്വീകരിച്ചത്.
നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തണ്ടേൽ. ഫെബ്രുവരി ഏഴിനാണ് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ചന്ദു മൊണ്ടേട്ടിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.