തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഉന്നതരെ കുടുക്കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി എന്ന സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ഇക്കാര്യം നേരത്തെ പുറത്ത് വന്നതാണ്. ഇത് ബന്ധപ്പെട്ട കോടതി പരിശോധിക്കണം. ഗൂഢാലോചനയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ശരി എന്ന് തെളിയുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
സരിത് ആണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത്. സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരുവിലേക്ക് താന്‍ ഒപ്പം പോയത്. സ്വര്‍ണകടത്തു കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളര്‍ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാന്‍ തയ്യാറാണ്. സ്വര്‍ണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വര്‍ക്ക് ഷോപ്പ് തുടങ്ങിയത്. ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചു എന്നാണ് സന്ദീപ് നായര്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം പറഞ്ഞത്.
സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി വന്‍ സ്വര്‍ണ്ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം യുഎഇ കോണ്‍സല്‍ ജനറല്‍ അറ്റാഷെയെ എന്നിവരുടെ അടക്കം സഹായത്തോടെ നടത്തിയത്. 30 കിലോയുടെ സ്വര്‍ണ്ണമാണ് ഒരു തവണ മാത്രം കടത്തിയത്. ഇത്തരത്തില്‍ 21 തവണ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
കസ്റ്റംസ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായര്‍ എന്‍ ഐ എയുടെ കേസില്‍ മാപ്പുസാക്ഷിയാണ്. യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും കളളക്കടത്തിന്റെ രാജ്യാന്തര സൂത്രധാരന്‍മാരെന്നാണ് സന്ദീപ് നായര്‍ തന്നെ എന്‍ഐ എ കോടതിയില്‍ പറഞ്ഞത്. രാജ്യത്തിന്റെ സാന്പത്തിക ഭദ്രതയെ തകര്‍ക്കുന്ന തീവ്രവാദം എന്ന പേരിലാണ് എന്‍ ഐ എ അങ്കപ്പുറപ്പാട് നടത്തിയതും. എന്നിട്ടും കോണ്‍സല്‍ ജനറലും അറ്റാഷെയും എന്‍ ഐ എ കേസില്‍ പ്രതികളല്ല. സന്ദീപ് മാപ്പുസാക്ഷിയുമാണ്. എന്നാല്‍ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ ഇവര്‍ക്കേതിരായ അന്വേഷണമുണ്ട്.