KeralaNews

“ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അവയവ മാഫിയയെ കുറിച്ച് സംശയം, തന്റെ ബന്ധുവിന്റെ കരള്‍ മാത്രമല്ല, മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം” – സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഇക്കാര്യത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐയ്ക്ക് കൈമാറണമെന്നാണ് ആവശ്യം. അതേസമയം മൃതദേഹം മറവുചെയ്തിട്ടില്ലെന്നും വിദഗ്ധ ഡോക്ടമാരുടെ മേല്‍നോട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

സനല്‍കുമാറിന്റെ പിതാവിന്റെ സഹോദരിയുടെ മകള്‍ സന്ധ്യയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണെന്നും ഇത് അടിയന്തരമായി അന്വേഷിക്കേണ്ടത് വളരെ ആവശ്യമാണെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

മരണത്തെ തുടര്‍ന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ 2018ല്‍ സന്ധ്യ അവളുടെ കരള്‍ പരമരഹസ്യമായി ഒരാള്‍ക്ക് വിറ്റെന്നും എഴുത്തും വായനയും അറിയാത്ത മരണപ്പെട്ട സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റര്‍ മെഡ് സിറ്റിയില്‍ എത്തി എന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്‌ബുക്ക് പോസ്റ്റിൽ നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ സനല്‍കുമാര്‍ ശശിധരന്റെ ആരോപണങ്ങള്‍ തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് മെഡ് സിറ്റി ആശുപത്രി അധികൃതര്‍ കഴിഞ്ഞ ആഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button