ഇനിയൊരു ലോക്ക് ഡൗണ്‍ ഭാരമായിരിക്കും; അടച്ചുപൂട്ടല്‍ കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍
കൊച്ചി: ഇനിയും ഒരു ലോക്ഡൗണ്‍ പ്രഖ്യാപനം ജനങ്ങള്‍ക്ക് വലിയ ഭാരമായിരിക്കുമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. വീണ്ടുമൊരു ലോക്ഡൗണ്‍ കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് തന്റെ വിശ്വാസമെന്നും സനല്‍ പറയുന്നു.
സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സനല്‍ ഇക്കാര്യം പറഞ്ഞത്. സുദീര്‍ഘമായ അടച്ചിടല്‍ കൊണ്ട് നട്ടെല്ലു തകര്‍ന്ന പാവം മനുഷ്യര്‍ ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന വ്യാധിയെ എങ്ങനെ നേരിടും എന്നോര്‍ത്ത് പകച്ച് നില്‍ക്കുകയാണ്. ഉള്ളത് വച്ച് തള്ളി നീക്കുക എന്ന മാനസികാവസ്ഥകൊണ്ട് പലരും പോഷകക്കുറവ് നേരിടുന്നുമുണ്ടാവുമെന്നും സാമ്പത്തികത്തകര്‍ച്ച മറ്റൊന്ന്. ഇതൊക്കെ രോഗത്തിന് മനുഷ്യരെ എളുപ്പം കീഴടക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്ന് സനല്‍ വ്യക്തമാക്കി.
സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ്:
വീണ്ടും ലോക്ഡൗണ്‍ വേണമെന്ന് ആളുകള്‍ വാദിക്കുന്നത് കാണുന്നു. ലോക്ഡൗണ്‍ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് എന്റെ മനസിലാക്കല്‍. അങ്ങനെ കഴിയുമെന്ന് അന്ധമായി വിശ്വസിച്ചതുകൊണ്ടാണ് ലോക്ഡൗണ്‍ കാര്യക്ഷമമായി നടന്നിരുന്ന സമയത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വൈകുന്നേരങ്ങളിലെ വാര്‍ത്താസമ്മേളനം മാത്രമായി ഒതുങ്ങിയത്.
ലോക്ഡൗണ്‍ കൊണ്ട് രോഗവ്യാപനം വൈകിക്കാനേ സാധിക്കൂ എന്നും ലോക്ഡൗണ്‍ കഴിയുമ്പോള്‍ തിരിച്ചു വരുന്ന അസുഖത്തെ നേരിടാന്‍ കൂടുതല്‍ സൗകര്യങ്ങളും ആസൂത്രണങ്ങളും ഒരുക്കാനുള്ള അവസരമായി ആ കാലഘട്ടത്തെ മാറ്റുകയാണ് വേണ്ടത് എന്നുമുള്ള ആലോചനകള്‍ ഉണ്ടായിരുന്നില്ല എന്നാണ് കരുതാന്‍. സുദീര്‍ഘമായ അടച്ചിടല്‍ കൊണ്ട് നട്ടെല്ലു തകര്‍ന്ന പാവം മനുഷ്യര്‍ ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന വ്യാധിയെ എങ്ങനെ നേരിടും എന്നോര്‍ത്ത് പകച്ച് നില്‍ക്കുന്നു. ഉള്ളത് വച്ച് തള്ളി നീക്കുക എന്ന മാനസികാവസ്ഥകൊണ്ട് പലരും പോഷകക്കുറവ് നേരിടുന്നുമുണ്ടാവും. സാമ്പത്തികത്തകര്‍ച്ച മറ്റൊന്ന്. ഇതൊക്കെ രോഗത്തിന് മനുഷ്യരെ എളുപ്പം കീഴടക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
നമ്മള്‍ കോവിഡിനെ പിടിച്ചു കെട്ടി എന്ന കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ അവകാശവാദങ്ങളെ കണ്ണടച്ച് വിശ്വസിച്ച ജനതയ്ക്ക് ഇനിയും ഒരു ലോക്ഡൗണ്‍ വലിയ ഭാരമായിരിക്കും. എടുത്തുചാടിയുള്ള വിജയപ്രഖ്യാപനങ്ങള്‍ ഉണ്ടാക്കിയ അമിതമായ ആത്മവിശ്വാസം രോഗത്തെ കൂടുതല്‍ ലഘുവായി എടുക്കാനുള്ള ഒരു മാനസികാവസ്ഥ ജനങ്ങളില്‍ സൃഷ്ടിച്ചു എന്ന് മനസിലാക്കണം. ഇനിയിതിവിടെ വരില്ല എന്നൊരു തോന്നല്‍ പലരിലും ഉണ്ടായി. പുലി വരുന്നേ പുലി എന്ന സ്ഥിരം പേടിപ്പെടുത്തലാണെന്ന് കരുതിയ മനുഷ്യര്‍ പുലി വരുമ്പോള്‍ ഉറങ്ങാന്‍ തുടങ്ങി.
ഇനിയും അത് തന്നെ സംഭവിക്കും. ലോക്ഡൗണ്‍ വരുമ്പോള്‍ രോഗവ്യാപനം കുറയും. എല്ലാം ശരിയായി എന്ന മട്ടില്‍ മനുഷ്യര്‍ പഴയമട്ടില്‍ പുറത്തിറങ്ങും, രോഗം ശക്തമായി തിരിച്ചു വരും. ഈ രോഗം ഇവിടെ ഉണ്ട് എന്ന തിരിച്ചറിവോടെ ജീവിക്കാന്‍ ജനങ്ങളെ പരിശീലിപ്പിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ പക്ഷം. കാട്ടിലൂടെ നടക്കുമ്പോള്‍ പാമ്പിനെയെന്നപോലെ അവനവന്‍ ഈ രോഗത്തിനെതിരെ സ്വബോധം സൂക്ഷ്മമായി ഉപയോഗിക്കാന്‍ പഠിക്കും.
പോസിറ്റീവ് ആകുന്ന എല്ലാവരേയും പിടിച്ച് ആശുപത്രിയിലിട്ട് ഡിപ്രഷന്‍ അടിപ്പിച്ച് ആത്മഹത്യചെയ്യിക്കരുത്. വളരെ വലിയ അളവ് ആളുകള്‍ക്ക് ആശുപത്രി ആവശ്യമില്ല. ഏറിയപങ്ക് ആളുകള്‍ക്കും സാധാരണ ജലദോഷപ്പനിപോലെ അസുഖം വന്ന് പോകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എല്ലാവരെയും അഡ്മിറ്റ് ചെയ്യാന്‍ മതിയായ ആശുപത്രികള്‍ നമുക്കില്ല താനും. ടെസ്റ്റ് ചെയ്യുക. രോഗികളുടെ എണ്ണവും വ്യാപനത്തിന്റെ തോതും കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുക. ഗുരുതരമായ അവസ്ഥയിലല്ലാത്ത രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കാനുള്ള സമ്പ്രദായമുണ്ടാവുക. അവരെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കുക. തീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ മാത്രം ആശുപത്രിയിലേക്ക് മാറ്റുക. ഇതാണ് ചെയ്യാവുന്ന കാര്യം എന്നാണ് എന്റെ തോന്നല്‍.