ഒടുവില്‍ അതും സംഭവിച്ചു!നാഗചൈതന്യയുടെ പേരുള്ള ‘ടാറ്റു’ നീക്കം ചെയ്ത് സമാന്ത; വൈറലായി പുതിയ ചിത്രങ്ങൾ
ഹൈദരാബാദ്:നാഗചൈതന്യയുമായുള്ള പ്രണയത്തിന്റെ ഭാഗമായിരുന്ന ‘ചൈ’ ടാറ്റു നീക്കം ചെയ്ത് സമാന്ത റൂത്ത് പ്രഭു. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളിൽ വയറിനു ഭാഗത്തുള്ള ടാറ്റു കാണാനില്ലെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.
വിവാഹത്തിനു മുമ്പ് പരസ്പരമുള്ള കരകവിഞ്ഞ പ്രണയ സൂചകമായി 3 കപ്പിൾ ടാറ്റു ഇരുവരും ശരീരത്തിൽ പച്ചകുത്തിയിരുന്നു. അതിൽ ആദ്യത്തേത് നടിയുടെ മുടിയിഴകൾക്കിടയിലൂടെ കാണാൻ കഴിയുന്ന തരത്തിലാണ്. (YMC) എന്ന ഇംഗ്ലിഷ് അക്ഷരങ്ങളാണ് കഴുത്തിന് പിറകിലായി സമാന്ത ടാറ്റു ചെയ്തിരിക്കുന്നത്. തമ്മിൽ കാണാൻ നിമിത്തമായ ആദ്യ സിനിമയുടെ ചുരുക്കപ്പേരാണ് അതെന്നാണ് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്.
പുരുഷന്റെ വാരിയെല്ലു കൊണ്ടാണ് അവന്റെ പങ്കാളിയ്ക്ക് ജീവന്‍ നല്‍കിയത് എന്നതിനെ അർഥവത്താക്കുന്ന തരത്തിൽ രണ്ടാമത്തെ ടാറ്റു താരത്തിന്റെ വലത് വശത്തുള്ള വാരിയെല്ലിന് മുകളിലാണ് പതിപ്പിച്ചിരുന്നത്. ചൈ എന്ന നാഗചൈതന്യയുടെ ചുരുക്കപ്പേരായിരുന്നു അത്. വിവാഹശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ഈ ടാറ്റുവിനെക്കുറിച്ച് സമാന്ത പറയുകയുണ്ടായി.
‘‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം (ഞാന്‍ ഇതുവരെ ഒളിപ്പിച്ചുവച്ചിരുന്ന ഏക ടാറ്റു ഇപ്പോൾ വെളിപ്പെടുത്തുന്നു. നാഗചൈതന്യ എന്റെ ഭർത്താവാണ് എന്റെ ലോകം).’’–ടാറ്റു ചിത്രം പങ്കുവച്ച് നടി കുറിച്ചു.
സമാന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്തിട്ടുള്ള കപ്പിള്‍ ടാറ്റുവാണ് മൂന്നാമത്തേത്. പരസ്പരം ഉന്നം വെച്ചിട്ടുള്ള ആരോ മാര്‍ക്കുകളാണത്. ഇവരുടെ കൈ തണ്ടയിലാണ് ഇത് പതിപ്പിച്ചിട്ടുള്ളത്.
2017 ലായിരുന്നു സാം-ചൈതന്യ വിവാഹം നടന്നത്. 2021 ജൂലൈയോട് കൂടി താര ദമ്പതികൾ വേർപിരിയുന്നു എന്ന വാർത്ത കാട്ടുതീ കണക്കു പരന്നു. തുടർന്ന് പ്രണയിച്ചു തോറ്റുപോയ കാമുകിയെപ്പോലെ സാം സോഷ്യൽ മീഡിയയിൽ നിന്നും ഭർത്താവിന്റെ കുടുംബ പേര് മാറ്റിക്കൊണ്ട് വിവാഹ മോചിതയാകുന്നു എന്ന് പരോക്ഷമായി അറിയിച്ചു. അന്ന് മുതൽ വന്നിരുന്ന വിവാദ വാർത്തകൾക്ക് ഒക്ടോബർ 2 ന് ഔദ്യോഗികമായി സ്ഥിതീകരണവും ദമ്പതികൾ നൽകി.